കലവൂർ (ആലപ്പുഴ): എറണാകുളം കടവന്ത്ര സ്വദേശി സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കേസിൽ റിമാൻഡിലായിരുന്ന ഒന്നാം പ്രതി കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള (52), ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ -35) എന്നിവരെ എട്ട് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്നാണ് പൊലീസ് പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചത്.
വ്യാഴാഴ്ച മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഉച്ചക്ക് രണ്ടരയോടെ മൃതദേഹം കുഴിച്ചിട്ട കോർത്തുശ്ശേരിയിലെ വാടകവീട്ടിൽ കൊണ്ടുവന്നു. ഇരുവരെയും ഒന്നിച്ചാണ് എത്തിച്ചതെങ്കിലും തെളിവെടുപ്പ് പ്രത്യേകമായാണ് നടത്തിയത്. ആദ്യം മാത്യൂസിനെ മൃതദേഹം കുഴിച്ചിട്ട ഭാഗത്ത് എത്തിച്ച് കാര്യങ്ങൾ പൊലീസ് ചോദിച്ച് മനസ്സിലാക്കി. തുടർന്ന് വീട്ടിനുള്ളിൽ കൊണ്ടുപോയി കൊല ചെയ്ത രീതികൾ ചോദിച്ചു. കൊലക്കുശേഷം ഉപേക്ഷിച്ച സുഭദ്രയുടെ രക്തക്കറയുള്ള തലയണ വീടിനുസമീപത്തെ ചെറിയ തോട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. മാത്യൂസാണ് ഇത് കാണിച്ചുകൊടുത്തത്. തുടർന്ന് വീടിന്റെ അടുക്കളക്ക് പിന്നിൽ മൃതദേഹം കുഴിച്ചിട്ടതിന് ഏതാനും മീറ്റർ അകലെ സുഭദ്രയുടെ വസ്ത്രങ്ങൾ കത്തിച്ചതിന്റെയും ഒരു തലയണയുടെ അവശിഷ്ടങ്ങളും ഇയാൾ കാണിച്ചുകൊടുത്തു. തുടർന്ന് ശർമിളയുമായും തെളിവെടുപ്പ് നടത്തി.
ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന് സയന്റിഫിക് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഏകദേശം ഒന്നര മണിക്കൂറിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങി. സ്വർണാഭരണങ്ങൾ വിൽപന നടത്തിയെന്ന് കരുതുന്ന കടയിൽ തെളിവെടുപ്പിന് പ്രതികളുമായി രാത്രി തന്നെ പൊലീസ് ഉഡുപ്പിയിലേക്ക് പോയി. കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്തും തെളിവെടുപ്പ് നടത്തും.
ഇരുവരുമായി തെളിവെടുപ്പ് പൂർത്തിയാക്കിയശേഷമേ മൂന്നാം പ്രതി റെയ്നോൾഡിനെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകൂ.ആഗസ്റ്റ് നാലിന് കാണാതായ എറണാകുളം കടവന്ത്ര ശിവകൃപയിൽ സുഭദ്രയുടെ മൃതദേഹം 10നാണ് കലവൂർ കോർത്തുശ്ശേരിയിലെ വാടക വീടിന്റെ വളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ആഗസ്റ്റ് ഏഴിന് ഉച്ചക്ക് ഇവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.