തൃശൂർ: സാംസ്കാരിക പ്രവര്‍ത്തകരുടെ മുഖാമുഖത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാറിന് കരുത്ത് പകരുന്നവയാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന് തുടർച്ചയായി തൃശൂരിൽ സംഘടിപ്പിച്ച സാംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിതകല അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് ഏകീകൃത സാംസ്കാരികോത്സവം നടത്തുന്നത് പരിഗണിക്കും. ദേശീയ- അന്താരാഷ്ട്ര വ്യക്തികളെക്കൂടി സഹകരിപ്പിക്കുന്നത് ആലോചിക്കും. സാഹിത്യം, സിനിമ, നാടകം എന്നിവക്ക് പ്രത്യേക ഫെസ്റ്റ് നടത്തുന്നതുപോലെ അടുത്തവര്‍ഷം മുതല്‍ നാടന്‍കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ ഫോക് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആരാധനാലയങ്ങളിലും മറ്റു സാംസ്കാരിക കേന്ദ്രങ്ങളിലും വര്‍ഷങ്ങള്‍ പഴക്കമുള്ള ചുമര്‍ചിത്രങ്ങള്‍ സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. സര്‍ക്കാർ അധീനതയിലുള്ള വിവിധ കെട്ടിടങ്ങളിലെ സൗന്ദര്യവത്കരണത്തിന് ചുമര്‍ചിത്ര കലാകാരന്മാർക്ക് അവസരം നല്‍കുന്നത് പരിഗണിക്കും.
സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സാംസ്കാരിക ടൂറിസം പദ്ധതിയുടെ ആദ്യഘട്ട ചര്‍ച്ച, ടൂറിസം മന്ത്രിയുമായി നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. നവോത്ഥാന നായകനായ പൊയ്കയില്‍ അപ്പച്ചന്റെ നാമധേയത്തില്‍ പഠനകേന്ദ്രം തുടങ്ങാന്‍ എസ്റ്റിമേറ്റ് തയാറാക്കിയതായും 50 ലക്ഷം അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. രാത്രികാല സ്റ്റേജ് പരിപാടികളില്‍ സ്പീക്കറുകളുടെ ഉപയോഗം നിയന്ത്രിച്ച് പരിപാടി നടത്താനുള്ള അനുമതിക്ക് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്‍, കെ. രാധാകൃഷ്ണന്‍ എന്നിവർ വിശിഷ്ടാതിഥികളായി. തൃശൂർ മേയര്‍ എം.കെ. വര്‍ഗീസ്, പി. ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, സാംസ്കാരിക സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ എന്‍. മായ, കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, സാഹിത്യകാരന്മാരായ ടി. പത്മനാഭന്‍, ബെന്യാമിന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, വി.കെ. ശ്രീരാമന്‍, സംവിധായകന്‍ കമല്‍, അഭിനേത്രി സാവിത്രി ശ്രീധരന്‍, കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ ജേതാവ് മീനാക്ഷി ഗുരുക്കള്‍, പത്മശ്രീ ജേതാവ് രാമചന്ദ്ര പുലവര്‍, ഡോ. നീനാ പ്രസാദ്, ചരിത്രകാരന്‍ എം.ആര്‍. രാഘവ വാര്യര്‍, കഥാകൃത്ത് വൈശാഖന്‍, മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഫോക് ലോര്‍ അക്കാദമി മുന്‍ അധ്യക്ഷന്‍ സി.ജെ. കുട്ടപ്പന്‍, ചിത്രകാരന്‍ കെ.കെ. മാരാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.