തിരുവനന്തപുരം: പി.വി. അൻവറുമായുള്ള വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് കസേര തെറിച്ച പത്തനംതിട്ട മുൻ എസ്.പി എസ്. സുജിത് ദാസ് ബുധനാഴ്ച ഡി.ജി.പിക്ക് മുന്നിൽ റിപ്പോർട്ട് ചെയ്തു. ഫോൺ സംഭാഷണത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ എസ്.പി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംഭവം വിവാദമായതോടെ സുജിത് ദാസ് എ.ഡി.ജി.പിയെ കാണാൻ ശ്രമിച്ചെങ്കിലും അനുമതി നൽകിയില്ല.
തുടർന്ന് മൂന്നു ദിവസത്തെ അവധിയിൽ പ്രവേശിക്കുകയായിരുന്നു. അവധി കഴിഞ്ഞ് ബുധനാഴ്ച രവിലെ 10ഓടെ പൊലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പൊലീസ് മേധാവി ദർവേശ് സാഹിബിനു മുന്നിൽ ഹാജരായി. എസ്.പിക്ക് പുതിയ ചുമതല നൽകിയില്ല. വൈകീട്ട് വരെ പൊലീസ് ആസ്ഥാനത്ത് തുടർന്ന സുജിത് ദാസിന് അടുത്ത ദിവസങ്ങളിൽ ഹാജരാകണമെന്ന് നിർബന്ധമില്ല, എന്നാൽ അനുമതിയില്ലാതെ തലസ്ഥാനം വിട്ടുപോകാൻ പാടില്ല.
സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കി എന്ന എ.ഐ.ജി അജീത ബീഗത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടുണ്ടായിട്ടും എസ്.പിക്കെതിരെ മൃദുനടപടിയാണുണ്ടായതെന്ന് ആക്ഷേപമുയർന്നിരുന്നു. തുടർന്ന് തിങ്കളാഴ്ചയാണ് എസ്.പിയെ സ്ഥലംമാറ്റിയത്. വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറാണ് പുതിയ പത്തനംതിട്ട എസ്.പി.
അേതസമയം, മുൻ എസ്.പി അവധിയിൽ പ്രവേശിച്ചത് മലപ്പുറം ക്യാമ്പ് ഓഫിസിലെ മരംമുറി കേസിലെ തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപവും ഉയരുന്നു. മരംമുറിച്ച ശേഷമാണ് തന്നോട് പരാതി എഴുതിവാങ്ങിയതെന്ന അയൽവാസിയുടെ വെളിപ്പെടുത്തലും പുറത്തുവന്നു.
തിരൂരങ്ങാടി: താനൂർ കസ്റ്റഡി കൊലക്കേസിൽ മുൻ മലപ്പുറം എസ്.പിയും നിലവിലെ പത്തനംതിട്ട എസ്.പിയുമായ സുജിത് ദാസിനെ കൂടി പ്രതിചേർക്കണമെന്ന് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി. പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് കഴിഞ്ഞ വർഷം ചേളാരിയിൽനിന്ന് ലഹരിമരുന്നുണ്ടെന്ന് പറഞ്ഞ് പിടികൂടിയ താമിർ ജിഫ്രി കസ്റ്റഡിയിലിരിക്കെ താനൂർ സ്റ്റേഷനിൽ കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുകയും കേസ് സി.ബി.ഐ ഏറ്റെടുക്കുകയുമായിരുന്നു. പി.വി. അൻവർ എം.എൽ.എ സുജിത് ദാസിനെതിരെ നടത്തിയ പ്രസ്താവനയെ തുടർന്നാണ് ഹാരിസ് ജിഫ്രി ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. സുജിത് ദാസിനെ കൂടി കേസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം സി.ബി.ഐക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ഹാരിസ് ജിഫ്രി ‘മാധ്യമ’ത്തോട് പറഞ്ഞു.
കൊച്ചി: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ പി.വി. അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലിൽ ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹരജി.
തൃശൂർ സ്വദേശി ജോർജ് വട്ടക്കുളമാണ് ഹരജിക്കാരൻ. പൊലീസ് മേധാവി ശരിയായ അന്വേഷണമല്ല നടത്തുന്നത് എന്നതിനാൽ കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് ഹരജിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.