പറവൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പറവൂരിൽ നവീകരിച്ച എൻ.എസ്.എസ് താലൂക്ക് യൂനിയൻ ആസ്ഥാനം സന്ദർശിച്ച ശേഷമാണ് സതീശനെതിരെ ആഞ്ഞടിച്ചത്.
ഇവിടുത്തെ എം.എൽ.എ എന്നെ ചീത്ത പറഞ്ഞു നടക്കുകയാണ്. മതസാമുദായിക സംഘടനകളുടെയും നേതാക്കളുടെയും തിണ്ണനിരങ്ങുന്ന സമ്പ്രദായം തനിക്കില്ലെന്നാണ് വി.ഡി. സതീശൻ പറയുന്നത്. ഇത് പറഞ്ഞത് തന്നെ വന്ന് കണ്ട് 24 മണിക്കൂർ കഴിയുന്നതിന് മുമ്പാണെന്ന് പരിഹാസ രൂപേണ ജനറൽ സെക്രട്ടറി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചങ്ങനാശ്ശേരിയിൽ വന്ന് ഒന്നര മണിക്കൂറോളം തന്‍റെയടുത്തിരുന്ന് ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അവിടെയിരുന്നു കൊണ്ട് തന്നെ പറവൂരിലെ താലൂക്ക് യൂനിയൻ പ്രസിഡന്‍റിന് താൻ ഫോൺ ചെയ്ത് എല്ലാ വീട്ടിലും പോകണമെന്ന് ആവശ്യപ്പെട്ടു. ഒരു നായരല്ലേ ജയിച്ചോട്ടേ എന്നേ ഞാൻ കരുതിയുള്ളൂ.
എന്നാൽ, ജയിച്ച ശേഷം ആദ്യം പറഞ്ഞത് ഒരു സമുദായ നേതാക്കളുടെയും തിണ്ണനിരങ്ങാറില്ല എന്നാണ്. അയാളുടെ ഭാവിക്കു വേണ്ടിയെങ്കിലും ഈ നിലപാട് തിരുത്തണം. അല്ലെങ്കിൽ അയാൾ രക്ഷപ്പെടില്ല -സുകുമാരൻ നായർ പറഞ്ഞു.
ജനിച്ച സമുദായത്തെ സ്നേഹിക്കാത്തവൻ ആരായാലും രക്ഷപ്പെടില്ലെന്നും ഇങ്ങനെ പറയുന്ന ആളുകൾ നമ്മുടെ കൂട്ടത്തിലുണ്ടെന്നും സതീശന്‍റെ ബന്ധുക്കളാരെങ്കിലും ഇവിടെയുണ്ടെങ്കിൽ ക്ഷമിക്കണമെന്നും പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.