തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മുതല്‍ മൂന്നുവരെ സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണമെന്നും നിര്‍ദേശിക്കുന്നു.
കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) എന്നിവിടങ്ങളില്‍ തീപിടിത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിന് സമീപം താമസിക്കുന്നവരും സ്ഥാപനങ്ങളുള്ളവരും ജാഗ്രത പാലിക്കണം.
കുട്ടികള്‍ക്ക് വെയില്‍ കൂടുതലേല്‍ക്കുന്ന സ്കൂൾ അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 മണിവരെ നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. പരീക്ഷഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും നടപ്പാക്കണം. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാർ ചൂട് ഏല്‍ക്കാത്തതരത്തിലുള്ള വസ്ത്രം ധരിക്കണം. ആവശ്യമെങ്കില്‍ യാത്രക്കിടെ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങള്‍ നൽകണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.