representational image

കത്തുന്ന പകലിൽ ഉരുകി തൊഴിലാളി ജീവിതം

ശ്രീകണ്ഠപുരം: പകൽ കത്തുമ്പോൾ ചൂടിൽ വാടിത്തളർന്ന് തൊഴിലാളികൾ. വേനലിന്റെ കാഠിന്യം നേരത്തെയെത്തിയതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തൊഴിലാളികളാണ് ഏറെ കഷ്ടത്തിലായത്.

പൊരിവെയിലത്ത് കുടിവെള്ളം പോലും കിട്ടുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. നാട്ടുകാരും ഇതര സംസ്ഥാനക്കാരുമായ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെങ്കൽ- കരിങ്കൽ ക്വാറികളിലും കെട്ടിട നിർമാണ മേഖലയിലും വയലുകളിലും റോഡ് ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളിലുമുള്ളത്. നെൽക്കതിർ കൊയ്യാനും നിലമുഴുതുമറിക്കാനും ഉൾപ്പെടെ വയലിലിറങ്ങുന്ന തൊഴിലാളികൾ പൊരിവെയിലിലാണ് ജോലി ചെയ്യുന്നത്.

പുഴയിൽനിന്നും മറ്റും ലോറികളിലെ ടാങ്കുകളിൽ വെള്ളം നിറച്ച് എത്തിച്ചാണ് പല ചെങ്കൽ പണകളിലും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾക്കാണെങ്കിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കൊടും ചൂടിനോട് മല്ലിട്ട് കഴിയേണ്ട അവസ്ഥയുണ്ട്. പ്രധാന ചെങ്കൽ മേഖലകളായ കുറുമാത്തൂർ, ചെങ്ങളായി എടക്കുളം , മൊയാലംതട്ട്, ശ്രീകണ്ഠപുരം ചേപ്പറമ്പ്, ഏരുവേശ്ശി , അരീക്കാമല, പയ്യാവൂർ, കുന്നത്തൂർ, ആനയടി, കല്യാട്, ബ്ലാത്തൂർ, ഉളിക്കൽ, പരിക്കളം, തേർമല, മട്ടന്നൂർ, വെള്ളിയാംപറമ്പ്, കാങ്കോൽ, ചെറുപുഴ , പെരിങ്ങോം തുടങ്ങിയ പ്രദേശങ്ങളിലടക്കം കനത്ത ചൂടാണ്. നഗരങ്ങളിലടക്കം കൂറ്റൻ കെട്ടിടങ്ങളുടെ നിർമാണം നടത്തുന്ന ഒട്ടേറെ തൊഴിലാളികളും വെയിലിൽ ഉരുകുകയാണ്.

ചെങ്കൽ പണകളിൽ മെഷീൻ നിയന്ത്രിച്ച് കല്ലുമുറിക്കുന്നവരും കല്ല് കൊത്തിയെടുക്കുന്ന തൊഴിലാളികളും പാടുപെടുകയാണ്. ഉച്ചഭക്ഷണത്തിന് നാമമാത്ര വിശ്രമം മാത്രമാണുള്ളത്. സൂര്യാതപമുൾപ്പെടെയുള്ള പ്രശ്നങ്ങൾ മുൻകാലങ്ങളിൽ വ്യാപകമായിരുന്നു.

തൊഴിലാളികൾക്ക് ഉച്ചമുതൽ മൂന്ന് മണിക്കൂറെങ്കിലും വിശ്രമം നൽകാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, തൊഴിലിടങ്ങളിൽ എവിടെയും ഇത് നടപ്പാക്കിയിട്ടില്ലെന്നാണ് ആക്ഷേപം.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ചൂട് പരിഗണിച്ചുള്ള വിശ്രമം ലഭിക്കുന്നുണ്ട്. വേനലിലെ കാട്ടുതീയും പുകവലിക്കാർ സൃഷ്ടിക്കുന്ന തീയും ചെങ്കൽ മേഖലകളിലെ തൊഴിലാളികളെയാണ് പലപ്പോഴും ബുദ്ധിമുട്ടിക്കുന്നത്. അഗ്നിരക്ഷനിലയം ഇല്ലാത്ത മലയോരങ്ങളിൽ തൊഴിലാളികൾ തന്നെയാണ് തീയണക്കാറ്.

ആരോഗ്യ വകുപ്പും മറ്റും രംഗത്തിറങ്ങി തൊഴിലാളികളുടെ ദുരിതത്തിന് അടിയന്തര ആശ്വാസ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ശുദ്ധമായ കുടിവെള്ളവും പ്രാഥമിക ചികിത്സ സംവിധാനങ്ങളും വേനൽ തീരും വരെ തൊഴിലിടങ്ങളിൽ ഒരുക്കിയാൽ ദുരിതങ്ങൾ കുറക്കാനാവും.

Tags:    
News Summary - summer hot became a crisis for workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.