തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സപ്ലൈകോയുടെ 50ാം വാർഷികം ആഘോഷമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ജീവനക്കാർക്കുള്ള ശമ്പളം പോലും കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയാതെ നട്ടംതിരിയുമ്പോഴാണ് ലക്ഷങ്ങൾ ചെലവഴിച്ചുള്ള ആഘോഷ പരിപാടികൾ. ആഘോഷം ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്നേദിവസം രാവിലെ സപ്ലൈകോ ഓഫിസുകളിലും പെട്രോൾ പമ്പുൾപ്പെടെ ഔട്ട്ലെറ്റുകളിലും നിലവിളക്ക് തെളിയിക്കണമെന്ന് ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിൽ നടത്തുന്ന ആഘോഷങ്ങൾക്കെതിരെ ഇടത് സർവിസ് സംഘടനകളടക്കം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അരിക്കും പലവ്യജ്ഞനങ്ങൾക്കും പച്ചക്കറിക്കും വില കുതിച്ചുകയറുമ്പോഴും സാധാരണക്കാർക്ക് കൈത്താങ്ങേണ്ട സപ്ലൈകോക്ക് വിപണിയിൽ ഇടപെടാൻ കഴിഞ്ഞിട്ടില്ല. അടിയന്തര വിപണിയിടപെടലിന് പണം അനുവദിക്കണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് കൈമലർത്തുകയായിരുന്നു. സബ്സിഡി ഇനത്തിൽ മാത്രം സാധനങ്ങൾ നൽകിയ വകയിൽ മാത്രം 1600 കോടി രൂപയാണ് സർക്കാർ സപ്ലൈകോക്ക് നൽകാനുള്ളത്.
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞാണ് കഴിഞ്ഞ ഫെബ്രുവരിയിൽ 13 സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചത്. എന്നാൽ വിൽപന ഇടിഞ്ഞതല്ലാതെ കാര്യമായ പുരോഗതി ഉണ്ടായില്ല. പ്രതിമാസം ശരാശരി 35-40 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നത്. സബ്സിഡി സാധനങ്ങൾ കിട്ടാതായതോടെ പ്രതിമാസ വരുമാനം 231 കോടിയിൽനിന്ന് 84 കോടിയിലേക്ക് കൂപ്പുകുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് കഴിഞ്ഞദിവസം നിയമസഭയിൽ സമ്മതിക്കേണ്ടിവന്നിരുന്നു.
ജീവനക്കാരുടെ ശമ്പള വിതരണവും താളംതെറ്റിയിരിക്കുകയാണ്. ശമ്പളം അതാത് മാസത്തിലെ അവസാന പ്രവൃത്തിദിനത്തിൽ തന്നെ നൽകുന്നതായിരുന്നു മുൻകാലരീതി. സർക്കാർ ജീവനക്കാർക്ക് ശമ്പളം അടുത്തമാസം ആദ്യം ലഭിക്കുമ്പോഴായിരുന്നു ഇത്. ഏതാനും മാസങ്ങളായി 4000 ഓളം സ്ഥിരംജീവനക്കാർക്ക് അടുത്തമാസം 10ാം തീയതിക്ക് ശേഷവും 8000ത്തോളം വരുന്ന താൽക്കാലിക ജീവനക്കാർക്ക് 15ന് ശേഷവുമാണ് ശമ്പളം അക്കൗണ്ടിലെത്തുന്നത്. ശമ്പളം കൃത്യസമയത്ത് ലഭിക്കാതായതോടെയാണ് സി.പി.ഐയുടേതടക്കമുള്ള ഇടത് സർവിസ് സംഘടനകൾ സർക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
50ാം വാർഷിക ആഘോഷങ്ങൾക്കായി ഫണ്ട് ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും, എൻ.എഫ്.എസ്.എയുടെ പ്രവർത്തനം പൊതു വിതരണവകുപ്പിനെ ഏൽപിക്കണമെന്നും കേരള സിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.സി.എസ്.ഒ.എഫ്) സംസ്ഥാന പ്രസിഡന്റ് ടി.ആർ. ബിനിൽ കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രജീവ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. ആഘോഷങ്ങൾക്കായി നീക്കിവെച്ച തുക എത്രയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടെങ്കിലും ഭക്ഷ്യമന്ത്രി മറുപടി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.