കൊച്ചി: പെട്രോൾ പമ്പുകളിലെ വരുമാനം യഥാസമയം അക്കൗണ്ടിലെത്താത്തതിന് സ്വകാര്യ ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ). സപ്ലൈകോ പമ്പുകളിലെ സ്വൈപിങ് മെഷീനിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറച്ചവരിൽനിന്നുള്ള പണമാണ് അക്കൗണ്ടിലെത്താൻ ആറ് മാസത്തോളം വൈകിയത്.
നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സപ്ലൈകോ നിയമനടപടിയിലേക്ക് നീങ്ങും. ഉപഭോക്താക്കൾ കാർഡ് വഴി നൽകിയ 1.20 കോടിയാണ് സ്വകാര്യ ബാങ്ക് സപ്ലൈകോയുടെ അക്കൗണ്ടിലേക്ക് നൽകാതെ ആറ് മാസത്തോളം കൈവശം വെച്ചത്.
പമ്പുകളിലെ പരിശോധനയിൽ വെട്ടിപ്പ് കണ്ട വിജിലൻസ്, പലിശസഹിതം തുക തിരിച്ചുപിടിക്കാൻ ശിപാർശ ചെയ്തു. വിവരം ബാങ്കിെൻറ ശ്രദ്ധയിൽപ്പെടുത്തിയതോടെ പണം സപ്ലൈകോ അക്കൗണ്ടിലേക്ക് മാറ്റി നൽകി. തുക യഥാസമയം അക്കൗണ്ടിൽ എത്തിയിരുന്നെങ്കിൽ പലിശയിനത്തിൽ ആറ് ലക്ഷത്തോളം രൂപ ലഭിക്കുമായിരുന്നു. അബദ്ധം സംഭവിച്ചു എന്നാണ് ബാങ്ക് വിശദീകരണം. എന്നാൽ, തുക അക്കൗണ്ടിലെത്താതിരുന്നത് സപ്ലൈകോ അധികൃതർ അറിയാതെ പോയി എന്നത് ദുരൂഹമാണ്.
പലിശയിനത്തിൽ നഷ്ടപ്പെട്ട ആറ് ലക്ഷത്തോളം രൂപ നൽകണമെന്നാവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിട്ടുണ്ടെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടികളിലേക്ക് കടക്കുമെന്നും സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എൻ. സതീശ് പറഞ്ഞു. പമ്പുകൾ കേന്ദ്രീകരിച്ചുള്ള മറ്റ് തട്ടിപ്പുകൾ തടയാൻ മിന്നൽ പരിശോധന അടക്കം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സബ്സിഡി അനുവദിച്ച ഇനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽനിന്നുള്ള തുക കിട്ടാത്തതിനാൽ നിലവിൽ സപ്ലൈകോ സാമ്പത്തിക ഞെരുക്കത്തിലാണ്. കേന്ദ്രത്തിൽനിന്ന് മാത്രം 500 കോടിയോളം കിട്ടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.