ന്യൂഡൽഹി: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള എം.ബി.ബി.എസ് പ്രവേശനത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. െതാടുപുഴ അസ്ഹർ കോളജ്, വയനാട് ഡി.എം കോളജ്, പാലക്കാട് പി.കെ. ദാസ്, വർക്കല എസ്.ആർ കോളജുകൾക്ക് ഹൈകോടതി നൽകിയ പ്രവേശന അനുമതിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
പ്രവേശന അനുമതി നൽകിയ ഹൈകോടതി നടപടി അംഗീകരിക്കാൻ പറ്റില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. പ്രവേശനം നേടുന്ന വിദ്യാർഥികൾ പുറത്തുപോകേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി. പ്രവേശന നടപടികൾ മിക്കവാറും പൂർത്തിയായെന്ന് മാനേജ്മെൻറുകളും സർക്കാറും അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല. വിശദവാദം വ്യാഴാഴ്ച കേൾക്കും.
സ്പോട്ട് അഡ്മിഷനിലൂടെ വിദ്യാർഥികൾ പ്രവേശനം നേടിയ കാര്യം മാനേജ്മെൻറുകൾ സൂചിപ്പിച്ചു. അന്നേരമാണ്, വിദ്യാർഥികൾ പുറത്തുപോകേണ്ടി വരുമെന്ന് കോടതി പറഞ്ഞത്. മെഡിക്കൽ കോളജുകൾക്ക് നിലവാരമില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടാണ് ഇൗ വർഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നും ഹൈകോടതി നടപടി റദ്ദാക്കണമെന്നുമുള്ള മെഡിക്കൽ കൗൺസിലിെൻറ ആവശ്യമാണ് സുപ്രീംകോടതി പരിഗണിച്ചത്.
നാലു സ്വാശ്രയ കോളജുകളിലെ 550 സീറ്റുകളിലേക്കാണ് ഹൈകോടതി പ്രവേശന അനുമതി നൽകിയത്. സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഇൗ സീറ്റുകളിൽ പ്രവേശനം നേടിയതിനു സാധുത ഇല്ലാതാവും. സുപ്രീംകോടതി ഇടപെടലോടെ സംസ്ഥാനത്ത് നടന്നുവരുന്ന സ്പോട്ട് അഡ്മിഷൻ നിർത്തിവെക്കേണ്ട സ്ഥിതിയായി. സ്പോട്ട് പ്രവേശനം ആകെത്തന്നെ പ്രശ്നത്തിലായി.
സ്പോട്ട് അഡ്മിഷൻ നിർത്തിവെച്ചു
തിരുവനന്തപുരം: നാല് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനാനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സംസ്ഥാനത്തെ മെഡിക്കൽ/ ഡെൻറൽ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള മോപ്-അപ് കൗൺസലിങ് (സ്പോട്ട് അഡ്മിഷൻ) നിർത്തിവെച്ചു. രണ്ടും മൂന്നും ദിവസമായി വിവിധ ഭാഗങ്ങളിൽനിന്നെത്തി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത വിദ്യാർഥികളും രക്ഷാകർത്താക്കളും പ്രവേശനം അനിശ്ചിതത്വത്തിലായതോടെ കണ്ണീരോടെ മടങ്ങി.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പഴയ ഒാഡിറ്റോറിയത്തിൽ ചൊവ്വാഴ്ച ആരംഭിച്ച സ്പോട്ട് അഡ്മിഷൻ കോടതി വിധിയെതുടർന്ന് ബുധനാഴ്ച അഞ്ചോടെയാണ് പ്രവേശന പരീക്ഷ കമീഷണർ നിർത്തിവെച്ചത്. സുപ്രീംകോടതിയുടെ അന്തിമവിധിക്കുശേഷം തുടർനടപടി തീരുമാനിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണർ പി.കെ. സുധീർബാബു അറിയിച്ചു. തുടർനടപടി സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും.
715 എം.ബി.ബി.എസ്, 599 ബി.ഡി.എസ് സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തിയത്. ഇതിൽ പ്രവേശനാനുമതി തടഞ്ഞ കോളജുകളിലെ 68 സീറ്റുകൾ ഒഴികെ മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷൻ പൂർത്തിയാക്കിയിരുന്നു. ബാക്കി സീറ്റുകളിലെ പ്രവേശനത്തിനായി കുട്ടികളെ കൗൺസലിങ് ഹാളിലേക്ക് ക്ഷണിച്ചതിനിടെയാണ് സുപ്രീംകോടതി വിധി വന്നത്. 800ഒാളം ബി.ഡി.എസ് സീറ്റുകളും അവശേഷിച്ചിരുന്നു.
സുപ്രീംകോടതിയുടെ അന്തിമവിധി എതിരായാൽ രണ്ട് ദിവസമായി നടത്തിയ സ്പോട്ട് അഡ്മിഷൻ നടപടികൾ മൊത്തം റദ്ദാക്കേണ്ടിവരും. നാല് കോളജുകളിലെ 550 എം.ബി.ബി.എസ് സീറ്റുകൾ ഒഴിവാക്കി സ്പോട്ട് അഡ്മിഷൻ നടപടികൾ വീണ്ടും നടത്തണം. ഇതോടെ സ്പോട്ട് അഡ്മിഷനുവേണ്ടിയുള്ള എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 165 ആയി ചുരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.