ന്യൂഡൽഹി: ബംഗളൂരുവില്‍ തുടരുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് സ്ഥിരമായി കേരളത്തിൽ കഴിയാൻ സുപ്രീംകോടതി അനുമതി. കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിൽ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. വിചാരണ പൂർത്തിയായത് കണക്കിലെടുത്താണ് 2014 ജൂലൈ 11ന് പുറപ്പെടുവിച്ച ജാമ്യവ്യവസ്ഥയില്‍ പരിഷ്‌കരണം വരുത്തി ഉത്തരവിടുന്നതെന്നും ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ തീര്‍പ്പാക്കുന്നതായും ബെഞ്ച് വ്യക്തമാക്കി. തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു ചികിത്സാവശ്യാർഥം ജില്ലക്ക് പുറത്തുപോകാം. വിചാരണ കോടതിക്ക് എന്തെങ്കിലും വിശദാംശങ്ങള്‍ ആവശ്യമുണ്ടെങ്കില്‍, കൊല്ലം ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍നിന്ന് ശേഖരിക്കാമെന്നും കോടതി അറിയിച്ചു. പൊലീസ് അകമ്പടി സംബന്ധിച്ച് ഉത്തരവിൽ പറയുന്നില്ല.
വിചാരണ പൂര്‍ത്തിയായെന്നും മഅ്ദനി ഇനി ബംഗളൂരുവില്‍ തുടരേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരായ കപിൽ സിബലും ഹാരിസ് ബീരാനും കോടതിയെ അറിയിച്ചു. ഇതു കോടതി അംഗീകരിക്കുകയായിരുന്നു. ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തിയാണ് മഅ്ദനി. വൃക്ക മാറ്റിവെക്കേണ്ടതുണ്ട്. മാതാവ് മരണപ്പെട്ടു. പിതാവ് രോഗിയാണ്. വാദപ്രതിവാദം പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുക്കുമെന്നാണ് കര്‍ണാടക പൊലീസ് തന്നെ പറയുന്നത്. കേസില്‍ നിരവധി പ്രതികളുണ്ടെന്നും അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി.
ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് എതിർത്ത കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ ബംഗളൂരില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുണ്ടെന്ന് കോടതിയിൽ വാദിച്ചു. എന്നാൽ, അവിടെ മികച്ച ആയുര്‍വേദ ചികിത്സയില്ലെന്നും സ്വന്തം നാട്ടിലെത്തിയാല്‍തന്നെ കുറെ അസുഖം കുറയുമെന്നും ജസ്റ്റിസ് ബൊപ്പണ്ണ പറഞ്ഞു.
കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാൻ ഏപ്രില്‍ 17നാണ് മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയത്. എന്നാല്‍, സുരക്ഷാ ചെലവിനത്തില്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കുകയായിരുന്നു. കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഇക്കാര്യത്തില്‍ ഇളവ് നൽകിയതോടെ ജൂൺ 26നാണ് അദ്ദേഹം ബംഗളൂരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയത്.
എന്നാൽ, ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ മഅ്ദനിക്കും പിതാവിനും യാത്രചെയ്യാനാകാതെ വന്നതോടെ കൂടിക്കാഴ്ച നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.