കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിന് 200 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. ഏപ്രിൽ എട്ടിന് സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് സാമൂഹിക നീതിവകുപ്പിന്‍റെ 4/2022 ഉത്തരവ് പ്രകാരം ഇത്രയും തുക അനുവദിച്ചത്.
സുപ്രീംകോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് കോൺഫെഡറേഷൻ ഓഫ് എൻഡോസൾഫാൻ റൈറ്റ്സ് വിക്ടിംസ് കലക്ടിവ് നേതൃത്വത്തിൽ ഇരകളായ എട്ടുപേർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിന്‍റേതാണ് വിധി. വിധി നടപ്പാക്കി നാലാഴ്ചകൾക്കകം മറുപടി നൽകാനും കോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്. മേയ് ആറിനകം ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ മറുപടി നൽകേണ്ടതുണ്ട്. അതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്.
സർക്കാർ ഉത്തരവ് ഇറക്കിയതല്ലാതെ ഇരകൾക്ക് പണം കൈമാറുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടില്ല. ഫണ്ട് അനുവദിക്കുന്ന മുറക്ക് അഞ്ചുലക്ഷം വീതം നൽകാൻ 750 പേരുടെ പട്ടിക എൻഡോസൾഫാൻ സെൽ തയാറാക്കി. കോടതിവിധി പ്രകാരം 3,714 പേർക്കാണ് അഞ്ചുലക്ഷം വീതം നൽകേണ്ടത്. ആദ്യഘട്ടത്തിൽ 37 കോടി രൂപയെങ്കിലും ഇതിനായി നീക്കിവെക്കണം. തുക ഒറ്റയടിക്ക് ലഭിക്കില്ലെങ്കിലും ഘട്ടംഘട്ടമായി ലഭിക്കുമെന്ന വിശ്വാസമാണ് ഇരകൾക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.