തുല്യവേതനത്തിന് അർഹരെന്ന സുപ്രീംകോടതി വിധി; പ്രതീക്ഷയോടെ കേരളത്തിലെ ആയുർവേദ ഡോക്ടർമാർ

തൃശൂർ: ആയുർവേദ ഡോക്ടർമാർ തുല്യവേദനത്തിന് അർഹരാണെന്ന സുപ്രീംകോടതി വിധിയിൽ കേരളത്തിലെ ആയുർവേദ ഡോക്ടർമാർ പ്രതീക്ഷയിൽ. നാഷനൽ റൂറൽ ഹെൽത്ത്‌ മിഷൻ (എൻ.ആർ.എച്ച്.എം) / നാഷനൽ ഹെൽത്ത്‌ മിഷൻ (എൻ.എച്ച്.എം) ആൻഡ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്‍റെ (ഐ.എസ്.എം) കീഴിൽ ജോലി ചെയ്യുന്ന ആയുർവേദ ഡോക്ടർമാർ, ആലോപ്പതി മെഡിക്കൽ ഓഫിസർ ആൻഡ് ഡെന്‍റൽ മെഡിക്കൽ ഓഫിസർക്ക്‌ ലഭിക്കുന്ന തുല്യ വേതനത്തിന് അർഹതയുണ്ടെന്നും വിധി എത്രയും വേഗം നടപ്പിലാക്കണമെന്നുമാണ് സുപ്രീംകോടതി വിധിച്ചത്. ഈ കേസിൽ നിലനിന്നിരുന്ന ഉത്തരാഖണ്ഡ് ഹൈകോടതി വിധി ചോദ്യം ചെയ്ത ഹരജിയിലായിരുന്നു വിധി.

കേരളത്തിൽ അലോപ്പതി അസിസ്റ്റന്റ് സർജന് 63,700 - 1,23,700 ശമ്പള സ്കെയിൽ ഉള്ളപ്പോൾ മെഡിക്കൽ ഓഫിസർ ആയുർവേദത്തിന് 55,200 - 1,15,300 ആണ് ലഭിക്കുന്നത്. 8500 രൂപയുടെ വ്യത്യാസമാണുള്ളത്. കേരളത്തിൽ അലോപ്പതി സർജന് 95,600 - 1,53,200 ശമ്പള സ്കെയിൽ ഉള്ളപ്പോൾ സീനിയർ മെഡിക്കൽ ഓഫിസർ ആയുർവേദത്തിന് ലഭിക്കുന്നത് 59,300 - 1,20,900 മാത്രം. 36,300 രൂപയുടെ വ്യത്യാസം. കേരളത്തിൽ അലോപ്പതി സർജൻ ഹയർ ഗ്രേഡിന് 1,18,100 - 1,63,400 ശമ്പള സ്കെയിൽ ഉള്ളപ്പോൾ ചീഫ് മെഡിക്കൽ ഓഫിസർ ആയുർവേദത്തിന് 63,700 - 1,23,700 മാത്രം. 54,400 രൂപയുടെ വ്യത്യാസം.

കേരളത്തിൽ വർഷങ്ങൾക്ക് മുമ്പേ ശമ്പള പരിഷ്കരണ ആവശ്യവുമായി ആയുർവേദ വിദഗ്ധർ സർക്കാറിനെ സമീപിച്ചിരുന്നുവെങ്കിലും അവഗണനയായിരുന്നു ഫലം. സുപ്രീംകോടതി വിധി തങ്ങളുടെ ആവശ്യം പരിഗണിക്കാനുള്ള വഴിയൊരുക്കുമെന്നാണ് ആയുർവേദ ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ആയുർവേദ ചികിത്സയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന കേരളം വിധി നടപ്പിലാക്കി മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക കാട്ടണമെന്ന് മുൻ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ (സി.സി.ഐ.എം) അംഗവും ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എ.എം.എം.ഒ.ഐ) ജനറൽ സെക്രട്ടറിയുമായ ഡോ. ഡി. രാമനാഥൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Supreme Court rules on equal pay; Ayurvedic doctors in Kerala with hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.