തിരുവനന്തപുരം: വൈസ് ചാൻസലർമാർക്കെതിരെ കൂട്ടത്തോടെ നടപടിയെടുക്കാൻ ഗവർണർക്ക് ആയുധം സുപ്രീംകോടതി വിധിയും കാരണം സർക്കാറുമായുള്ള ഏറ്റുമുട്ടലും. വി.സി നിയമനത്തിൽ യു.ജി.സി റെഗുലേഷൻ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് കണ്ട് സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി അസാധുവാക്കിയതാണ് കൂട്ടനടപടിയിലേക്ക് വഴിവെച്ചത്. എന്നാൽ, അതിന് മുമ്പേ തന്നെ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നൽകണമെന്ന ആവശ്യം കേരള സർവകലാശാല തള്ളിയതിനെച്ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാറും ഇടഞ്ഞിരുന്നു.
ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വി.സിയായി പുനർനിയമനം നൽകണമെന്ന സർക്കാർ ആവശ്യവും ഗവർണറുമായുള്ള പരസ്യ ഏറ്റുമുട്ടലിലേക്ക് നയിച്ചു. തുടർന്നിങ്ങോട്ട് സർക്കാറും ഗവർണറും നിരന്തര ഏറ്റുമുട്ടലിലായിരുന്നു. സർവകലാശാലകളിൽ സംഘ്പരിവാർ നോമിനികളെ പ്രതിഷ്ഠിക്കാൻ രാജ്ഭവനെ മുന്നിൽ നിർത്തിയുള്ള കേന്ദ്രനീക്കവും നടക്കുകയായിരുന്നു. ഇതിനിടെയാണ് നിയമനത്തിൽ യു.ജി.സി റെഗുലേഷൻ വ്യവസ്ഥ പാലിച്ചില്ലെന്ന് കണ്ട് സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയത്. ഇത് അവസരമാക്കിയ ഗവർണർ സമാന പ്രശ്നമുള്ള 11 വി.സിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ചാൻസലറായ ഗവർണർ തന്നെ നടത്തിയ വി.സി നിയമനങ്ങളാണ് ഇപ്പോൾ അദ്ദേഹം തന്നെ അസാധുവാക്കുന്നത്. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായതാണ് കാലിക്കറ്റ് വി.സി ഡോ.എം.കെ. ജയരാജിന്റെ നിയമനം റദ്ദാക്കാൻ കാരണമായി പറയുന്നത്. സർക്കാറുമായോ സർവകലാശാലയുമായോ ബന്ധമുള്ളവർ സെർച് കമ്മിറ്റിയിൽ പാടില്ലെന്ന വ്യവസ്ഥയാണ് കാലിക്കറ്റ് വി.സി നിയമനത്തിനെതിരെ ഗവർണർ ആയുധമാക്കിയത്. വി.സി നിയമനത്തിനായി മൂന്ന് പേരിൽ കുറയാത്ത പാനൽ സമർപ്പിക്കണമെന്ന യു.ജി.സി വ്യവസ്ഥയാണ് കാലടി വി.സി ഡോ. എം.വി. നാരായണനെതിരെ ഉപയോഗിച്ചത്.
സെർച് കമ്മിറ്റി ഡോ. നാരായണന്റെ പേര് മാത്രമാണ് നിയമനത്തിനായി ഗവർണർക്ക് നൽകിയിരുന്നത്. ഇതിന് പുറമേ സെർച് കമ്മിറ്റിയിൽ പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായ ഡോ.വി.കെ. രാമചന്ദ്രനെ ഉൾപ്പെടുത്തിയതും വി.സി നിയമനം അസാധുവാക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.രണ്ടുപേർ കൂടി പുറത്താകുന്നതോടെ സംസ്ഥാനത്ത് സ്ഥിരം വൈസ് ചാൻസലർമാരില്ലാത്ത സർവകലാശാലകളുടെ എണ്ണം 11 ആയി ഉയരും. കേരള, എം.ജി, കണ്ണൂർ, മലയാളം, കുസാറ്റ്, ഫിഷറീസ്, കാർഷിക, സാങ്കേതിക, നുവാൽസ് സർവകലാശാലകൾക്കാണ് നിലവിൽ സ്ഥിരം വി.സിമാരില്ലാത്തത്. കാലിക്കറ്റ്, കാലടി സർവകലാശാല വി.സിമാർ കൂടി പുറത്താകുന്നതോടെയാണ് ഭൂരിപക്ഷം സർവകലാശാലകളിലും വി.സിമാരില്ലാതാകുന്നത്. ഡിജിറ്റൽ, ഓപൺ സർവകലാശാല വി.സിമാർക്കെതിരെ കൂടി നടപടി വന്നാൽ സ്ഥിരം വി.സിമാരില്ലാത്ത സർവകലാശാലകളുടെ എണ്ണം 13 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.