കൊച്ചി: വ്യാജരേഖ ചമച്ച് വാഹന നികുതി വെട്ടിച്ചെന്ന കേസിൽ രാജ്യസഭ അംഗവും നടനുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈകോടതി ഒരാഴ്ചത്തേക്കുകൂടി തടഞ്ഞു. വ്യാജരേഖയുടെ അടിസ്ഥാനത്തിൽ പുതുച്ചേരിയിൽ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് ഉത്തരവ്. മൂന്നാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് നേരേത്ത ഉത്തരവിട്ടിരുന്നു. ഇതാണ് ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്.
അതേസമയം, പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കാൻ ഉടമകളെ സഹായിക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അന്വേഷണവുമായി ഹരജിക്കാരൻ സഹകരിക്കുന്നില്ല. ഹാജരാക്കിയ രേഖകൾ കേസുമായി ബന്ധമില്ലാത്തതാണ്. വാഹനം കേരളത്തിൽ ഒാടിയതിന് തെളിവുകൾ ഏറെയുണ്ട്. ഇവിടത്തെ ഷോറൂമിൽനിന്നാണ് വാഹനം വാങ്ങിയത്. സർവിസ് ചെയ്യിക്കുന്നതും ഇവിടെയാണ്. വേഗപരിധി ലംഘിച്ചതിന് എട്ടുതവണ സുരേഷ് ഗോപിയുടെ വാഹനം കേരളത്തില്‍ ട്രാഫിക് പൊലീസിെൻറ കാമറയില്‍ കുടുങ്ങിയിരുന്നു. ഇതിന് പിഴയടക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് പുതുച്ചേരിയിലെ വിലാസത്തിലേക്ക് അയച്ചപ്പോള്‍ മടങ്ങുകയാണുണ്ടായത്. ഇൗ കുറ്റങ്ങൾക്ക് ഇതുവരെ പിഴയടച്ചിട്ടുമില്ല. പുതുച്ചേരിയില്‍ വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്ന നോട്ടറി അഭിഭാഷകർ, ഏജൻറുമാർ, വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം പ്രവർത്തിക്കുന്നു. സുരേഷ് ഗോപിയെ നേരിൽ കണ്ടിട്ടില്ലെന്നാണ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖ സാക്ഷ്യപ്പെടുത്തിയ പുതുച്ചേരിയിലെ നോട്ടറി അഭിഭാഷകൻ അറിയിച്ചത്.
ഏകദേശം 1500 വാഹനങ്ങളാണ് പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചത്. പൊലീസ് നടപടി ആരംഭിച്ച ശേഷം പുതുച്ചേരിയിലെ രജിസ്‌ട്രേഷന്‍ 90 ശതമാനത്തോളം കുറഞ്ഞതായി ക്രൈംബ്രാഞ്ച് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ശരിയായ രേഖകൾ ഹാജരാക്കാൻ ഹരജിക്കാരനോട് ആവശ്യപ്പെട്ട കോടതി, കേസ് ഡയറി ഹാജരാക്കാൻ സർക്കാറിനും സമയം അനുവദിച്ചു. ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കും. അതുവരെ അറസ്റ്റ് ചെയ്യുന്നതും തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.