തിരുവനന്തപുരം: സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ അധ്യക്ഷ പദവി നൽകിയതിൽ സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെന്ന വാർത്തകൾ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർത്ഥി ആകുമെന്നും സുരേന്ദ്രൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപി വടക്കുന്നാഥെൻറ തട്ടകം ഏറ്റെടുത്തുകഴിഞ്ഞെന്നും ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ `അതേ'ചാനൽ. പിന്നെ കാക്കക്കൂട്ടം പോലെ എല്ലാവരും ചേർന്ന് ആക്രമണം. ഒരു വാർത്ത കൊടുക്കുന്നതിനുമുൻപ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാർക്ക്.ഇത് കോൺഗ്രസ്സ് അജണ്ടയാണ്.'- അദ്ദേഹം കുറ്റപ്പെടുത്തി. അധ്യക്ഷ പദവി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷമേ ഏറ്റെടുക്കൂ എന്ന നിലപാട് സുരേഷ് ഗോപി അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഇതിൽ അതൃപ്തി ഉണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നത്. ഇതിനിടെ, സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ അധ്യക്ഷ പദവി സുരേഷ് ഗോപിക്ക് നൽകിയതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.
കുറിപ്പിെൻറ പൂർണരൂപം
ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ 'അതേ'ചാനൽ. പിന്നെ കാക്കക്കൂട്ടം പോലെ എല്ലാവരും ചേർന്ന് ആക്രമണം. ഒരു വാർത്ത കൊടുക്കുന്നതിനുമുൻപ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാർക്ക്. ഇത് കോൺഗ്രസ്സ് അജണ്ടയാണ്.
പാലാക്കാരനായ ഒരു കോൺഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിടുന്നത്. 'അതേ'ചാനലിലെ കോൺഗ്രസ്സ് ഏജന്റായ റിപ്പോർട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ. ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും . അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.