യു.ഡി.എഫ് 78 - 80 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് സിസെറോ-ആര്‍.ജി.ഐ.ഡി.എസ്-ജയ്ഹിന്ദ് ടി.വി സര്‍വേ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് 78- നും 80-നും ഇടയില്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് സിസെറോ-ആര്‍.ജി.ഐ.ഡി.എസ്-ജയ്ഹിന്ദ് ടി.വി സര്‍വേ പ്രവചനം. തെക്കന്‍ ജില്ലകളില്‍ യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. എല്‍.ഡി.എഫ് 60 മുതല്‍ 62 -വരെ സീറ്റ് നേടും. വോട്ടിങ് ശതമാനത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകുമെങ്കിലും എന്‍.ഡി.എ സീറ്റുകളൊന്നും നേടാനിടയില്ലെന്ന് സര്‍വേ പറയുന്നു.

തിരുവന്തനപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവ ഉള്‍പ്പെടുന്ന തെക്കന്‍ കേരളത്തില്‍ ആകെയുള്ള 39 സീറ്റുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ് ശക്തമായ മുന്നേറ്റം ഉണ്ടാക്കും. ഈ മേഖലയില്‍ യു.ഡി.എഫ് 20 വരെ സീറ്റുകള്‍ നേടും. എല്‍.ഡി.എഫ് 19 സീറ്റുകളായിരിക്കും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നിവ ഉള്‍പ്പെടുന്ന മധ്യകേരളത്തില്‍ ആകെയുള്ള 41 സീറ്റില്‍ യു.ഡി.എഫ് 25 സീറ്റുകള്‍ വരെ നേടും.എല്‍.ഡി.എഫിന് 16 വരെ സീറ്റുകളായിരിക്കും ലഭിക്കുക. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയാനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവ ഉള്‍പ്പെടുന്ന വടക്കന്‍ ജില്ലകളിലെ 60 സീറ്റുകളില്‍ യു.ഡി.എഫ് 35 സീറ്റുകള്‍ വരെ നേടും. എല്‍.ഡി.എഫിന് 25 സീറ്റുകള്‍ വരെ ലഭിക്കും. യു.ഡി.എഫ് - 42 ശതമാനം, എല്‍.ഡി.എഫ് - 39 ശതമാനം, എന്‍.ഡി.എ - 15 ശതമാനം, മറ്റുള്ളവര്‍ - 4 ശതമാനം എന്നിങ്ങനെയായിരിക്കും മുന്നണികളുടെ വോട്ടിങ് ശതമാനമെന്നും സര്‍വേ പറയുന്നു.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംസ്ഥാന വ്യാപകമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണം യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന ചോദ്യത്തിന് 36 ശതമാനം പേര്‍ ശബരിമലയും വിശ്വാസ സംരക്ഷണവും ആണെന്ന് അഭിപ്രായപ്പെട്ടു. 28 ശതമാനം പേര്‍ അഴിമതി പ്രധാന വിഷയമാകുമെന്ന് പറഞ്ഞു. 21 ശതമാനം അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മയും പിന്‍വാതില്‍ നിയമനവും പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിച്ചപ്പോള്‍ 7 ശതമാനം പേര്‍ ആഴക്കടല്‍ മത്സ്യബന്ധനം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് പറഞ്ഞു. 6 ശതമാനം പേര്‍ വികസന പ്രശ്‌നങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുള്ള വിഷയങ്ങളും പ്രധാന്യമര്‍ഹിക്കുന്നുണ്ടെന്ന് 2 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

അഴിമതി ആരോപണങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാറിൻെറ പ്രതിച്ഛായയെ ബാധിച്ചോയെന്ന ചോദ്യത്തിന് 72 ശതമാനം പേര്‍ ബാധിച്ചുവെന്നും 21 ശതമാനം ബാധിച്ചില്ലെന്നും 7 ശതമാനം അഭിപ്രായമില്ലെന്നും പ്രതികരിച്ചു. വിവിധ മുന്നണികളുടെ പ്രകടന പത്രികയില്‍ ഏറ്റവും മികച്ചത് ഏതെന്ന ചോദ്യത്തിന് 52 ശതമാനം പേര്‍ യു.ഡി.എഫിൻെറ പ്രകടന പത്രികയേയും 39 ശതമാനം പേര്‍ എല്‍.ഡി.എഫിന പ്രകടന പത്രികയേയും പിന്തുണച്ചു. ഏത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഏറ്റവും മികച്ചതെന്ന ചോദ്യത്തിന് 58 ശതമാനം പേര്‍ യു.ഡി.എഫിന്റേതാണ് എന്ന അഭിപ്രായപ്പെട്ടപ്പോള്‍ 35 ശതമാനം പേര്‍ എല്‍.ഡി.എഫിൻേറതാണെന്നും 7 ശതമാനം പേര്‍ എന്‍.ഡി.എയുടേതെന്നും അഭിപ്രായപ്പെട്ടു.

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണവും മൂന്ന് മുന്നണികളും പ്രകടന പത്രിക പുറത്തിറക്കിയ ശേഷവുമാണ് സിസെറോയും ആര്‍.ജി.ഐ.ഡി.എസും സംയുക്തമായി സര്‍വേ നടത്തിയത്. കേരളത്തിലെ 140 നിയോജക മണ്ഡലത്തില്‍ നിന്നും വിവരശേഖരണം നടത്തി. വിവരണ ശേഖരണത്തിന് മൂന്ന് തരം രീതികളാണ് അവലംബിച്ചത്. ഗൂഗിള്‍ ഫോം വഴി വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയതാണ് ആദ്യത്തേത്. രണ്ടാമത്തേത്, ടെലിഫോണ്‍വഴി നടത്തിയതാണ്. മൂന്നാമത്തേത് വോട്ടര്‍മാരെ നേരിട്ട് കണ്ട് ചോദ്യവലി ഉപയോഗിച്ച് നടത്തിയതായിരുന്നു. ആകെ 7000 പേരില്‍ നിന്നും വിവരശേഖരണം നടത്തി. മാര്‍ച്ച് 24 മുതല്‍ 29 വരെ അഞ്ചു ദിവസം നീണ്ടു നിന്നതാണ് സര്‍വേ. 21 ചോദ്യങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തവരോട് ആരാഞ്ഞത്.

Tags:    
News Summary - survey suggest UDF to win 78-80 seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.