ഇടുക്കി: ചിന്നക്കനാലിൽ ഭീതിവിതക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനായി രണ്ടാമത്തെ കുങ്കിയാനയെയും ഇടുക്കിയിലെത്തിച്ചു. വയനാട് മുത്തങ്ങയിൽ നിന്ന് സൂര്യ എന്ന കുങ്കിയാനയാണ് വനപാലക സംഘത്തോടൊപ്പം 12 മണിക്കൂർ യാത്ര ചെയ്ത് രാവിലെ ആറരയോടെ സിമന്‍റ് പാലത്ത് എത്തിച്ചത്. വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയിൽ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.
വിക്രം മാത്രം മതിയാവില്ലെന്നതിനാലാണ് വനം വകുപ്പിന്റെ ലോറി ആംബുലൻസിൽ സൂര്യയുമായി സംഘം ചൊവ്വാഴ്ച യാത്ര തിരിച്ചത്. അടുത്ത ദിവസം മുത്തങ്ങ ആനപ്പന്തിയിലെ മറ്റു കുങ്കിയാനകളായ കുഞ്ചു, സുരേന്ദ്രൻ എന്നിവയെയും ചിന്നക്കനാലിലേക്ക് കൊണ്ടുപോകും.
ഭീതി പരത്തുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടി കൊട്ടിലിൽ തളക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കൊമ്പനെ പിടികൂടാൻ 71 അംഗ ദൗത്യസംഘത്തെയാണ് നിയോഗിച്ചത്. എലിഫന്റ് സ്ക്വാഡ് റേഞ്ച് ഓഫിസർ രൂപേഷ്, ഫോറസ്റ്റ് വെറ്ററിനറി ചീഫ് ഓഫിസർ ഡോ. അരുൺ സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്ന ആനയെ പിടികൂടാൻ നേതൃത്വം നൽകുക.
കുങ്കിയാനകൾ നാലും എത്തിയ ശേഷമായിരിക്കും അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടങ്ങുക. മയക്കുവെടിവെച്ചു കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ പിടികൂടുക, കോളർ ഐ.ഡി ഘടിപ്പിച്ച് ഉൾവനത്തിൽ വിടുക തുടങ്ങിയ കാര്യങ്ങളാണ് വനംവകുപ്പ് ചർച്ച ചെയ്യുന്നത്. പിടിയിലായാൽ അരിക്കൊമ്പനെ കോടനാട് നിർമിച്ച കൊട്ടിലിൽ പാർപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.