സൂര്യനെല്ലി പരാമർശം: സിബി മാത്യൂസിന്റെ ഹരജിയിൽ സ്റ്റേ

കൊച്ചി: മുൻ ഡി.ജി.പി സിബി മാത്യൂസ് സൂര്യനെല്ലി പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ തുടരന്വേഷണം വേണ്ടെന്ന് വ്യക്തമാക്കി പൊലീസ് സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ചിന്‍റെ സ്റ്റേ. പ്രാഥമികാന്വേഷണ ശേഷം പൊലീസ് നൽകിയ റിപ്പോർട്ട് റദ്ദാക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ നിർദേശിക്കുകയും ചെയ്ത സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സിബി മാത്യൂസ് നൽകിയ അപ്പീൽ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്. ഈ ഉത്തരവും സ്റ്റേ ചെയ്യേണ്ടതാണെന്ന പരാമർശം നടത്തിയ കോടതി അപ്പീൽ ഹരജിയിൽ സർക്കാറിന്‍റെയടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവിനെത്തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. സിബി മാത്യൂസ് രചിച്ച ‘നിർഭയം’ എന്ന പുസ്തകത്തിലെ ‘സൂര്യനെല്ലി’ അധ്യായത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പേരും വിലാസവും മറ്റുവിവരങ്ങളും നൽകിയിട്ടുള്ളതായി ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി കെ.കെ. ജോഷ്വ നൽകിയ പരാതി പൊലീസ് തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഇതിലാണ് അന്വേഷണം നടത്താൻ സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 

Tags:    
News Summary - Suryanelli Reference: Stay on siby mathew's plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.