വൈപ്പിന്‍: ചെറായിലെ ഹോം സ്റ്റേയില്‍ തങ്ങിയ ഉത്തരേന്ത്യന്‍ കുടുംബത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി 55,000 രൂപ കവര്‍ന്നു. വ്യാഴം ഉച്ചയോടെ ചെറായി ബീച്ചില്‍ മൂന്നംഗ തമിഴ് സംഘമാണ് അക്രമം നടത്തിയത്. ഇതില്‍ ഒരാളെ ഹോംസ്റ്റേ മാനേജരും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചുപിടിച്ച് മുനമ്പം പൊലീസിന് കൈമാറി.
ബിഹാര്‍ സ്വദേശിയായ ആഷിക് കുമാര്‍ ചൗധരിയെയും കുടുംബത്തെയുമാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. കാരൂര്‍ സ്വദേശി വിഘ്‌നേഷാണ് (26) പിടിയിലായത്. മറ്റു രണ്ടുപേരെ പൊലീസ് തിരയുകയാണെന്ന് മുനമ്പം സി.ഐ അറിയിച്ചു.
മുറിയിലെത്തിയ സംഘം കഴുത്തില്‍ കത്തിവെച്ചശേഷം ആദ്യം ആഷിക് കുമാറിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതെല്ലാം മുക്കുപണ്ടങ്ങളാണെന്ന് പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. കൈയില്‍ പണമില്ലെന്നറിഞ്ഞതോടെ ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇവര്‍ പറഞ്ഞ നമ്പറിലേക്ക് 55,000 രൂപ ഗൂഗിള്‍ പേ ചെയ്തു. ഈ സമയം ഹോംസ്‌റ്റേ മാനേജര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
പണം തട്ടിയശേഷം കുടുംബത്തെ മുറിയില്‍ പൂട്ടിയിട്ട് സംഘം കടന്നു. അടുത്തുള്ള വീട്ടിലെ വീട്ടമ്മയാണ് മുറി തുറന്ന് കുടുംബത്തെ മോചിപ്പിച്ചത്. ഇതിനിടെ സ്ഥലത്തെത്തിയ മാനേജര്‍ വിവരമറിഞ്ഞ ഉടനെ സംഘത്തെ തിരയുകയായിരുന്നു. ഈ സമയം സംഘത്തിലെ ഒരാള്‍ ഓട്ടോയില്‍ ബീച്ചിലേക്ക് വരുന്നത് മാനേജരുടെ ശ്രദ്ധയില്‍പെടുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.