കാട്ടാക്കട: പണമിടപാട് തർക്കത്തിൽ ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികളെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട ആമച്ചൽ കുരുതംകോട് കുഴിവിള പുത്തൻവീട്ടിൽ സുര എന്ന ജയകുമാർ (50) മകന് വിഷ്ണു (24) എന്നിവരാണ് അറസ്റ്റിലായത്.
കുരുതംകോട് സ്വദേശി സനൽകുമാറിനെയും മകളെയുമാണ് പ്രതികൾ കമ്പിപ്പാര, ക്രിക്കറ്റ് സ്റ്റമ്പ് എന്നിവ കൊണ്ട് ക്രൂരമായി മർദിച്ചത്. സനൽകുമാറിന്റെയും ജയകുമാറിന്റെയും ഭാര്യമാർ തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ജനുവരി ഒന്നിനാണ് സംഭവം. കടമായി കൊടുത്ത പണം തിരികെ ചോദിക്കാൻ പോയ മകൾ ബിന്ദുവിനെ മർദിക്കുന്നത് തടയുന്നതിനിടെയാണ് സനൽകുമാറിനെയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. സംഘർഷവുമായി ബന്ധപ്പെട്ട് സനൽകുമാറിനെതിരെയും കേസെടുത്തതായും പൊലീസ് പറഞ്ഞു. കാട്ടാക്കട ഇൻസ്പെക്ടർ എൻ. ഗിരീഷ്, എസ്.ഐ. രമേശ്, സി.പി.ഒമാരായ മനോജ്, പ്രവീൺ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.