കെ.പി. അനില്‍കുമാർ, കെ. ശിവദാസന്‍ നായർ

സസ്പെൻഷനിലായ കോൺഗ്രസ് നേതാക്കൾ ഏഴ് ദിവസത്തിനകം വിശദീകരണം നൽകണം

തിരുവനന്തപുരം: പാർട്ടി അച്ചടക്കം ലംഘിച്ച് മാധ്യമങ്ങളിൽ പരസ്യപ്രസ്താവന നടത്തിയതിന് സസ്പെൻഷനിലായ നേതാക്കൾക്ക് കെ.പി.സി.സി നോട്ടീസ് നൽകി. തുടർനടപടിയെടുക്കാതിരിക്കണമെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് കാണിച്ചാണ് നോട്ടീസ്. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയുമാണ് അച്ചടക്കലംഘനത്തിന് താൽക്കാലികമായി സസ്പെൻഡ് ചെയ്തത്.

അതേസമയം, തന്നെ സസ്പെൻഡ് ചെയ്തതിനോട് കെ.പി. അനില്‍കുമാർ രൂക്ഷമായാണ് പ്രതികരിച്ചത്. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാർ ആരോപിച്ചു. സസ്പെൻഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസിൽ കയറാൻ ആളുകൾ ഇനി ഭയക്കുമെന്നും അനിൽ കുമാർ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാർട്ടിക്കകത്ത് വെച്ചുചേർക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണ്.

തന്‍റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടിയാണ് കോൺഗ്രസെന്നും അതിൽ നിന്ന് തന്നെ പുറത്താക്കാൻ ആർക്കും സാധിക്കില്ലെന്നുമാണ് കെ. ശിവദാസൻ നായർ പ്രതികരിച്ചത്. താൻ അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശപരമായ വിമർശനം പാടില്ലെങ്കിൽ കോൺഗ്രസ് പാർട്ടിയല്ലാതാകും. ഇപ്പോൾ പ്രതികരിച്ചത് ഭാവിയിൽ കുറ്റബോധം തോന്നാതിരിക്കാനാണ്. കെ. സുധാകരനോട് വിയോജിപ്പില്ല. വിമർശനമുയർന്നവർ അത് ഉൾക്കൊള്ളാൻ തയാറാകണമെന്നും ശിവദാസൻ നായർ പറഞ്ഞു.

Tags:    
News Summary - Suspended leaders must provide an explanation within seven days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.