ഐ.സി.യുവിൽ രോഗിയെ പീഡിപ്പിച്ച സംഭവം: മൊഴിമാറ്റാൻ ശ്രമിച്ച അഞ്ച് ജീവനക്കാ​രെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യുവിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ മല്ലികാ ഗോപിനാഥ് വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിലായിരുന്ന യുവതിയെ അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിത അറ്റൻഡർമാർ അതിജീവിതയെ ഭീഷണിപ്പെടുത്തിയതും സമ്മർദം ചെലുത്തിയതും. ഗ്രേഡ് 1 അറ്റൻറർമാരായ ആസ്യ എൻ കെ, ഷൈനി ജോസ്, ഷലൂജ, ഗ്രേഡ് 2 അറ്റൻറർ ഷൈമ, നഴ്സിംഗ് അസിസ്റ്റൻറ് പ്രസീത മനോളി എന്നിവരാണ് അതിജീവിതയുടെ മൊഴിമാറ്റാൻ ശ്രമിച്ചത്.

തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ പരാതിയിൽ ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.

ഇവർക്കെതിരെ നിലവിൽ മെഡി. കോളജ് പൊലീസ് ഭീഷണിപ്പെടുത്തൽ, ഇരയെ സ്വാധീനിക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും പ്രതികൾ ജാമ്യത്തിലാണ്. കുറ്റപത്രം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മെഡി. കോളജ് പൊലീസ് അറിയിച്ചു.

സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്തതിൽ രാഷ്ട്രീയക്കളിയുണ്ടെന്ന് അതിജീവിത ആരോപിച്ചിരുന്നു. തന്റെ മുന്നിൽ വെച്ചാണ് ജീവനക്കാർ ചെയ്ത കുറ്റം പൊലീസിനോട് സമ്മതിച്ചത്. എന്നിട്ടും അവർ കുറ്റം ചെയ്തില്ലെന്ന് പറഞ്ഞ് തിരിച്ചെടുത്തത് രാഷ്ട്രീയ ബന്ധം മൂലമാണ്. ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയല്ല, പുറത്താക്കണമെന്നും അതിജീവിത പറഞ്ഞു.

"മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയ കേസിലാണ് അഞ്ച് ജീവനക്കാരെയും തിരിച്ചെടുത്തത്. തെളിവെടുപ്പ് നടത്തിയ സമയം അഞ്ചു പേരെയും തിരിച്ചറിഞ്ഞതാണ്. എന്നാൽ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴത്തെ വാദം. എത്ര പണം വേണമെങ്കിലും തരാം പരാതി പിൻവലിക്കണമെന്നും ഇങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നും എനിക്ക് മാനസിക രോഗമാണെന്നുമൊക്കെയാണ് പറയുന്നത്. കല്യാണം കഴിഞ്ഞതിനാൽ ഇതൊരു പ്രശ്‌നമല്ല എന്ന് പോലും പറഞ്ഞു. നമ്മുടെ നിയമം ഒരിക്കലും സ്ത്രീകൾക്കനുകൂലമല്ല എന്നാണ് പ്രതികളെ തിരിച്ചെടുത്ത നടപടിയിലൂടെ വ്യക്തമാകുന്നത്. രാഷ്ട്രീയത്തിൽ പിടിപാടുണ്ടെങ്കിൽ ഏത് ജോലിയിലും തിരിച്ചു കയറാം. പൊലീസും രാഷ്ട്രീയക്കാരും ഒക്കെ തന്നെ അവർക്കൊപ്പമാണ്. ഒരു മാസമായി പ്രതികൾ ഒളിവിലാണെന്നാണ് പറഞ്ഞിരുന്നത്. രാഷ്ട്രീയത്തിൽ കാര്യമായ പിടിപാടില്ലെങ്കിൽ എങ്ങനെ ഒളിവിൽ പോകാനാണ്? ഇതുവരെ ഒരു മന്ത്രിമാരോ മറ്റോ വിളിച്ചിട്ടില്ല. ആദ്യമൊക്കെ ആശുപത്രി ജീവനക്കാരും വലിയ പിന്തുണയാണ് നൽകിയത്. പിന്നീട് ഇവരും തഴഞ്ഞു. പ്രതികൾക്കെതിരെ നടപടിയെടുത്താൽ നീതി ലഭിച്ചതിന് തുല്യമാണ്. പക്ഷേ ഇതിന് നേരെ വിപരീതമാണ് നടന്നിരിക്കുന്നത്. ഇവിടെ നീതി നിഷേധിക്കപ്പെട്ടു. ഐസിയുവിൽ പോലും ഇവിടെ സുരക്ഷയില്ല. ശസ്ത്രക്രിയ നടന്ന് കാൽ മണിക്കൂർ പോലും തികയുന്നതിന് മുമ്പാണ് ഉപദ്രവിച്ചത്. അർധബോധാവസ്ഥയിലായിരുന്നെങ്കിലും ഒക്കെയും അറിയുന്നുണ്ടായിരുന്നു. കയ്യും കാലും പോലും അനക്കാനാവുന്നുണ്ടായിരുന്നില്ല’’ -യുവതി പറഞ്ഞു.

ജീവനക്കാരെ തിരിച്ചെടുത്ത സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കോഴിക്കോട് മെഡിക്കൽ കോളേജിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി മെഡിക്കൽ കോളേജിനോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ, ഇതുവരെ റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളജ് അധികൃതർ തയ്യാറായില്ല. തുടർന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്.

Tags:    
News Summary - Suspension for Kozhikode medical college staffs tried to change sexual assault case victim's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.