തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽനിന്ന് ചൊവ്വാഴ്ച അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ. സുരക്ഷ ചുമതലയിലുണ്ടായിരുന്നു റാപിഡ് ആക്‌ഷൻ ഫോഴ്സിലെ എസ്.ഐ ഷാഹിൻ റഹ്മാനെയാണ് സസ്പെൻഡ് ചെയ്തത്. 10 ദിവസം മുമ്പാണ് ഈ ഉദ്യോഗസ്ഥൻ ക്ലിഫ്ഹൗസിൽ ജോലിക്കെത്തിയത്. അലക്ഷ്യമായി ആയുധം കൈകാര്യം ചെയ്തുവെന്ന കുറ്റത്തിനാണ് നടപടി.
അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചിരുന്നെങ്കിലും സിറ്റി പൊലീസ് കമീഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗാർഡ് റൂമിലാണ് വെടിപൊട്ടിയത്. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിയമസഭയിലേക്ക് പോയതിന് ശേഷമായിരുന്നു സംഭവം.
രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. പൊലീസുകാരൻ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ പിസ്റ്റളിലെ ഒരു തിര പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചേംബറിൽ വെടിയുണ്ട കുരുങ്ങുകയായിരുന്നു. തുടർന്ന് തോക്ക് നിലത്തേക്ക് ചൂണ്ടി വീണ്ടും വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.