സുജിത് ദാസിന് സസ്പെൻഷൻ; ഗുരുതര ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ചട്ടം ലംഘിച്ച് എം.എൽ.എയെ ഫോൺ വിളിച്ച് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട പത്തനംതിട്ട ജില്ല പൊലീസ് മുൻ മേധാവി എസ്. സുജിത് ദാസിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

പി.വി. അൻവർ എം.എൽ.എയുമായുള്ള വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതും മലപ്പുറം ക്യാമ്പ് ഓഫിസിലെ മരംമുറി കേസുമായി ബന്ധപ്പെട്ടും സുജിത് ദാസിനെ തിങ്കളാഴ്ച എസ്.പി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

എസ്.പിക്കെതിരെ മൃദുനടപടിയെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് സസ്പെൻഷൻ. സുജിത് ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, സുജിത് ദാസിനെതിരെ നടപടിയെടുത്താൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെയും നടപടിയെടുക്കേണ്ടി വരുമെന്ന കാരണത്താൽ എസ്.പിയെ സ്ഥാനത്തുനിന്ന് മാത്രം നീക്കുകയായിരുന്നു. എ.ഡി.ജി.പിയെ തൽസ്ഥാനത്ത് നിലനിർത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നാലാം ദിവസമാണ് എസ്.പിയെ മാത്രം സസ്പെൻഡ് ചെയ്തത്.

വകുപ്പുതല അന്വേഷണം നടത്തി എ.ഐ.ജി അജിത ബീഗം റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആദ്യനടപടി. മരംമുറി കേസിൽ സുജിത് ദാസിനെതിരെ തൃശൂർ ഡി.ഐ.ജി തോംസൺ ജോസിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

Tags:    
News Summary - Suspension for Sujit Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.