റാഗിങ് പരാതിയിൽ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി

കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിലെ 13 വിദ്യാർഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. കേസില്‍ ഹൈകോടതിയുടെ ഇടക്കാല സ്റ്റേക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി.

സിദ്ധാർഥന്‍റെ മരണത്തിന് പിന്നാലെ 2023ലെ റാഗിങിന്‍റെ പേരില്‍ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തിരുന്നു. സംഭവത്തിൽ 13 പേർ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയിരുന്നു. പിന്നാലെ 13 പേരെയും സസ്പെൻഡ് ചെയ്തു. നിയമോപദേശം തേടിയ ശേഷം കോളജ് 13 പേരുടേയും സസ്പെൻഷൻ റദ്ദാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കികൊണ്ട് ഉത്തരവിറക്കിയത്.

2019, 2021 ബാച്ചുകളിലെ വിദ്യാർഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നത്. സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് നാലാംവര്‍ഷ വിദ്യാർഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് ഹൈകോടതിയെ സമീപിച്ചത്. രണ്ടു വിദ്യാർഥികൾക്കും ഹൈകോടതിയിൽനിന്ന് ഇടക്കാല സ്റ്റേ ലഭിച്ചു. രണ്ടു വിദ്യാര്‍ത്ഥികളാണ് സ്റ്റ് നേടിയതെങ്കിലും 13 പേരുടെയും സസ്പെൻഷൻ റദ്ദാക്കികൊണ്ട് സര്‍വകലാശാല അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു. 2023ലെ റാഗിങ് സംഭവത്തിലായിരുന്നു നടപടി.

കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ 2021 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളോ പരാതിയോ ആന്‍റി റാഗിങ് സമിതിക്ക് കിട്ടിയിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർഥിയും പരാതി നൽകിയില്ല. സിദ്ധാർഥന്‍റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിദ്യാർഥികളെയും സര്‍വകലാശാല അധികൃതര്‍ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.

നേരത്തെയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർഥിന്‍റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ കേസിൽ നാലുപേർക്ക് എതിരെ ആയിരുന്നു നടപടി. രണ്ട് പേരെ ഒരു വ‍ര്‍ഷത്തേക്ക് സസ്പെന്‍ ചെയ്തപ്പോൾ രണ്ടു പേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കുകയായിരുന്നു. ആന്‍റി റിഗാങ്ങ് കമ്മിറ്റിയോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശം നൽകിയിരുന്നു.

Tags:    
News Summary - Suspension of 13 students of Pookode Veterinary University canceled on ragging complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.