കോട്ടയം: ക്നാനായ യാക്കോബായ സഭ ആര്‍ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തക്കെതിരായ സസ്പെൻഷൻ നടപടിക്ക് പിന്നാലെ സഭയിൽ ഭിന്നത രൂക്ഷം. അന്ത്യോഖ്യ ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സഭയായി നിൽക്കാൻ സേവേറിയോസിനെ അനുകൂലിക്കുന്ന വിഭാഗം തീരുമാനിച്ചു.
പാത്രിയാര്‍ക്കീസ് ബാവയുടെ അധികാരം വെട്ടിക്കുറക്കുന്നതുൾപ്പെടെ ഭരണഘടന ഭേദഗതിയുമായി മുന്നോട്ടുപോകാനും ശനിയാഴ്ച ചിങ്ങവനം മാര്‍ അപ്രേം സെമിനാരിയില്‍ ചേര്‍ന്ന ക്നാനായ സഭ മാനേജിങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
സേവേറിയോസിനെ അനുകൂലിക്കുന്നവരാണ് മാനേജിങ് കമ്മിറ്റിയംഗങ്ങൾ. ഇതിനിടെ, സസ്പെന്‍ഡ് ചെയ്യപ്പെട്ട സേവേറിയോസ് മെത്രാപ്പോലീത്തക്ക് പകരം സഹായമെത്രാന്‍ സഭയുടെ ചുമതല നല്കി ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു. എന്നാല്‍, ഈ കല്പന അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ് കമ്മിറ്റി യോഗത്തിനുശേഷം സഭ സെക്രട്ടറി ടി.ഒ. എബ്രഹാം പറഞ്ഞു.
21ന് നിശ്ചയിച്ചിരിക്കുന്ന അസോസിയേഷന് യോഗവുമായി മുന്നോട്ടുപോകുമെന്നും എബ്രഹാം പറഞ്ഞു. യോഗത്തിനുശേഷം സേവേറിയോസിനെ അനുകൂലിക്കുന്നവർ സസ്പെൻഷൻ ഉത്തരവ് കത്തിച്ചു. അതേസമയം, അന്ത്യോഖ്യ ബന്ധം ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് സേവേറിയോസ് മെത്രാപ്പോലീത്തയെ എതിര്‍ക്കുന്ന വിഭാഗവും സഹമെത്രാപ്പോലീത്തമാരും.
സസ്പെൻഷന് സ്റ്റേ
കോട്ടയം: ക്നാനായ യാക്കോബായ സഭ ആര്‍ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെതിരായ പാത്രിയാര്‍ക്കീസ് ബാവയുടെ സസ്പെൻഷൻ നടപടിക്ക് സ്റ്റേ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ വെള്ളിയാഴ്ച പുറപ്പെടുവിച്ച സസ്പെൻഷൻ കൽപനയാണ് കോട്ടയം മുൻസിഫ് കോടതി-രണ്ട് സ്റ്റേ ചെയ്തത്. 25ന് വിശദമായ വാദം കേള്‍ക്കുന്നതുവരെ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു.
മെത്രാപ്പോലീത്തയെ അനുകൂലിക്കുന്നവർ നല്കിയ ഹരജിയിലാണ് നടപടി. സസ്പെൻഷനില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സഭ ആസ്ഥാനമായ ചിങ്ങവനത്ത് തടിച്ചുകൂടിയവർ പാത്രിയാർക്കീസ് ബാവയുടെ ചിത്രം കത്തിക്കുകയും അന്ത്യോഖ്യ പതാക അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. പകരം ക്നാനായ സമുദായ പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.