കോട്ടയം: നഗരസഭ ജീവനക്കാരൻ സർവിസ് പെൻഷൻ ഫണ്ടിൽനിന്ന് കോടികൾ തട്ടിയ കേസിൽ മൂന്നുപേർക്കു കൂടി സസ്പെൻഷൻ. സീനിയർ ക്ലർക്ക് വി.ജി. സന്തോഷ് കുമാർ, പെൻഷൻ വിഭാഗം കൈകാര്യം ചെയ്യുന്ന പബ്ലിക് ഹെൽത്ത് നഴ്സ് പ്രമോട്ടർ കെ.ജി. ബിന്ദു, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം എന്നിവരെയാണ് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സാമ്പത്തിക തിരിമറി സംബന്ധിച്ച് മൂന്നുപേർക്കും 48 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നൽകിയിരുന്നു. ഇവരുടെ മറുപടി തൃപ്തികരമല്ലെന്നാണ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ നൽകിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
സീനിയർ ക്ലർക്ക് വി.ജി. സന്തോഷ്കുമാർ ഫയലുകളും രേഖകളും കൃത്യമായി പരിശോധിക്കാതെയും ഒത്തുനോക്കാതെയുമാണ് ബില്ലുകൾ പാസാക്കിവിട്ടത്. ഇത് ഗുരുതര കൃത്യവിലോപമാണ്. പബ്ലിക് ഹെൽത്ത് നഴ്സ് പ്രമോട്ടർ കെ.ജി. ബിന്ദു സെക്ഷനിൽ ചുമതലയേറ്റ സമയത്തോ അതിനുശേഷമോ ക്രമക്കേട് റിപ്പോർട്ട് ചെയ്തില്ല.
അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം കീഴുദ്യോഗസ്ഥർ സമർപ്പിക്കുന്ന ഫയലുകളും രേഖകളും രജിസ്റ്ററുകളും കൃത്യമായി പരിശോധിക്കണമെന്ന സെക്രട്ടറിയുടെ ഉത്തരവ് പാലിച്ചിട്ടില്ല തുടങ്ങിയവയാണ് ഇവർക്കെതിരായ കണ്ടെത്തലുകൾ. പ്രതി അഖിൽ സി. വർഗീസിനെ തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടർ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
വൈക്കം നഗരസഭയിലെ ക്ലർക്കും കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരനുമാണ് കൊല്ലം സ്വദേശി അഖിൽ സി. വർഗീസ്. മരിച്ചുപോയ സ്ത്രീയുടെ പേരിന്റെ സ്ഥാനത്ത് തന്റെ അമ്മയുടെ പേരും അക്കൗണ്ടും ചേർത്ത് 2.5 കോടി രൂപ തട്ടിയെടുത്തതായാണ് സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
2020 ഫെബ്രുവരി 25 മുതൽ 2023 ആഗസ്റ്റ് 16 വരെയാണ് ഇയാൾ കോട്ടയം നഗരസഭയിലുണ്ടായിരുന്നത്. കഴിഞ്ഞയാഴ്ചയും കോട്ടയം നഗരസഭയിലെത്തി ഏഴുലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റിയപ്പോഴാണ് സംശയം തോന്നിയ മറ്റ് ജീവനക്കാർ പരിശോധിച്ചതും ക്രമക്കേട് കണ്ടെത്തിയതും. സെക്രട്ടറി നൽകിയ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസും വകുപ്പ് വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. പ്രതി ഒളിവിലാണ്. ഇയാൾ നേരത്തേ കൊല്ലം കോർപറേഷനിൽ ജോലിചെയ്യുമ്പോൾ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് സസ്പെൻഷൻ നേരിട്ടിട്ടുണ്ട്. തിങ്കളാഴ്ചയും നഗരസഭ ഓഫിസിൽ പൊലീസ് പരിശോധനയും മൊഴിയെടുക്കലും തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.