കൊച്ചി/തൃശൂർ: തീവ്രവാദബന്ധം സംശയിച്ച് കോഴിക്കോട്ടും തൃശൂരിലും ഏഴിടങ്ങളിൽ എൻ.ഐ.എ റെയ്ഡ്. സിറിയയിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്ന 'ജുന്ദുൽ അഖ്സ' എന്ന തീവ്രവാദ സംഘടനയുമായി ബന്ധം ആരോപിച്ച് മുഹമ്മദ് ഫാസ്, മുഹമ്മദ് ഇത്തിഷാം, അബ്ദുൽ സമീഹ്, റഈസ് റഹ്മാൻ, നബീൽ മുഹമ്മദ്, മുഹമ്മദ് ഷഹീൻ, മുഹമ്മദ് അമീർ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
ഒമ്പത് മൊബൈൽ ഫോൺ, 15 സിം കാർഡ്, ഐപാഡ്, ആറ് ലാപ്ടോപ്, മൂന്ന് മെമ്മറി കാർഡ് തുടങ്ങിയവ പിടിച്ചെടുത്തതായി എൻ.ഐ.എ അധികൃതർ പറഞ്ഞു. ബുധനാഴ്ച രാവിലെ കൊച്ചിയിലെ എൻ.ഐ.എ ഓഫിസിൽ ഹാജരാകണമെന്ന് ഇവരിൽ ചിലരോട് നിർദേശിച്ചിട്ടുണ്ട്. 2019 ജനുവരിയിലാണ് സിറിയയിൽ തീവ്രവാദ സംഘടനയുമായുള്ള ബന്ധം ആരോപിച്ച് ഇവർക്കെതിരെ എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
എറണാകുളം സ്വദേശി ഹാഷിർ മുഹമ്മദ്, മലപ്പുറം സ്വദേശി സിദ്ദീഖുൽ അക്ബർ, കണ്ണൂർ സ്വദേശി മുഹമ്മദ് ഇർഫാൻ, കർണാടക ഷിമോഗ സ്വദേശി താഹാ മുഹമ്മദ്, കോഴിക്കോട് സ്വദേശി സുൽത്താൻ അബ്ദുല്ല, തൃശൂർ സ്വദേശി ഫായിസ് ഫാറൂഖ് എന്നിവരെ പ്രതിചേർത്തായിരുന്നു എഫ്.ഐ.ആർ. ഇവർ 2013 മുതൽ ക്രിമിനൽ ഗൂഢാലോചന നടത്തി സിറിയയിലേക്ക് കടന്ന് തീവ്രവാദ സംഘടനയിൽ ചേർന്നതായാണ് എൻ.ഐ.എയുടെ ആരോപണം.
ഇവരെ സംബന്ധിച്ച അന്വേഷണത്തിലാണ് തൃശൂരിലെയും കോഴിക്കോെട്ടയും കൂടുതൽ പേരെക്കുറിച്ച് വിവരം ലഭിച്ചത്. സിദ്ദീഖുൽ അക്ബറുമായി ബന്ധം പുലർത്തിയിരുന്ന ഇവർ പിന്നീട് സിറിയയിലേക്ക് പോയതായാണ് എൻ.ഐ.എ സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.