തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്.ആർ.ഡി.എസിന് സി.പി.എമ്മുമായാണ് ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സംഘ്പരിവാർ അനുകൂല എൻ.ജി.ഒയായ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിലെ (എച്ച്.ആർ.ഡി.എസ്) നിയമനത്തെ തുർന്നുണ്ടായ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പഴയ എസ്.എഫ്.ഐ നേതാവാണ് കമ്പനിയുടെ തലപ്പത്തിരിക്കുന്നത്. പിണറായി വിജയനാണ് കമ്പനിയുടെ ലോഗോ പ്രകാശിപ്പിച്ചത്. തൊടുപുഴ ഓഫിസ് ഉദ്ഘാടനം ചെയ്തത് എം.എം മണിയാണ്' -സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ, കമ്പനിയുടെ തലപ്പത്തിരിക്കുന്നതായി സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്ന പഴയ എസ്.എഫ്.ഐ നേതാവ് അജി കൃഷ്ണണൻ പാർട്ടിയുമായുള്ള ബന്ധം മുമ്പേ വിച്ഛേദിച്ചയാളാണ്. ഇക്കാര്യം എച്ച്.ആർ.ഡിഎസിന്റെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാരവാഹികളായ അജി കൃഷ്ണനും ബിജു കൃഷ്ണനും സംഘ്പരിവാർ സംഘടനകളുമായാണ് സൗഹൃദം കാത്തുസൂക്ഷിക്കുന്നത്. എച്ച്.ആർ.ഡിഎസിന്റെ പ്രധാന പദവികളിലിരിക്കുന്നവരിൽ കേരളത്തിനകത്തും പുറത്തുമുള്ള സംഘ്പരിവാർ നേതാക്കളുമുണ്ട്. ഇവരുടെ ഫേസ്ബുക് പേജിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ വരെ പങ്കുവെച്ചിട്ടുമുണ്ട്.
അതേസമയം, നിയമന വിവാദത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും രണ്ട് റൗണ്ട് അഭിമുഖങ്ങള്‍ക്ക് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചതെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എൻ.ജി.ഒയുമായി തനിക്ക് നേരത്തെ ഒരു ബന്ധവും ഇല്ലായിരുന്നുവെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
ജോലിക്ക് വേണ്ടി ഒരുപാട് പേരെ സമീപച്ചെങ്കിലും തനിക്ക് ജോലി തരാൻ പേടിയാണെന്നാണ് പലരും പറഞ്ഞത്. അതിനാൽ, യോഗ്യതക്കപ്പുറം പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായം കൂടിയാണിത്. അനില്‍ എന്ന സുഹൃത്ത് വഴിയാണ് എച്ച്.ആര്‍.ഡി.എസിലെ ജോലിക്ക് അവസരം ലഭിച്ചത്.
രാഷ്ട്രീയത്തെ കുറിച്ചും സ്ഥാപനത്തിന് രാഷ്ട്രീയബന്ധമുണ്ടോ എന്നും തനിക്കറിയില്ല. തന്റെ നിയമനത്തിലേക്ക് എന്തിനാണ് രാഷ്ട്രീയം വലിച്ചിടുന്നത്. ജോലിയിലൂടെ വരുമാനമുണ്ടായാലേ മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയൂവെന്നും സ്വപ്ന പറഞ്ഞു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയാണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്). എൻ.ജി.ഒയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി ഡയറക്ടറായാണ് സ്വപ്ന സുരേഷിന്‍റെ നിയമനം. സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ നിയമനത്തെ എതിർത്ത് എച്ച്.ആർ.ഡി.എസ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ നിയമനം അസാധുവാണെന്നും സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ലെന്നുമായിരുന്നു ആരോപണം. ഇതിനോട് പ്രതികരിച്ച എച്ച്.ആര്‍.ഡി.എസ് പ്രോജക്ട് മാനേജര്‍ ബിജു കൃഷ്ണൻ, സാമൂഹിക സേവന രംഗത്തെ കഴിവ് പരിഗണിച്ചാണ് സ്വപ്നക്ക് ജോലി നല്‍കിയതെന്ന് വ്യക്തമാക്കി. പ്രതിയാണെങ്കിലും അവരെ കോടതി കുറ്റക്കാരിയായി വിധിക്കാത്തതു കൊണ്ടാണ് നിയമനം നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.