കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ സ്വപ്ന സുരേഷിനെ കണ്ണൂരിൽ പൊലീസ് ചോദ്യം ചെയ്തു. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നല്കിയ പരാതിയിൽ കണ്ണൂര്‍ ജില്ല ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ.
പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെയും കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്വപ്നയെ ചോദ്യം ചെയ്തത്. ഉച്ചക്ക് 11ഓടെ അഭിഭാഷകനൊപ്പമാണ് സ്വപ്ന ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്.
സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശങ്ങൾ മാറ്റിപ്പറയാൻ എം.വി. ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലിനെതിരെയാണ് കെ. സന്തോഷ് പരാതി നൽകിയത്. വിജേഷ് പിള്ളക്കൊപ്പം ചേർന്ന് സ്വപ്ന എം.വി. ഗോവിന്ദനെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.
നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും കണ്ണൂരിൽ വരുന്നത് തന്റെ ജീവന് ഭീഷണിയാണെന്നു കാണിച്ച് സ്വപ്ന ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേ വെളിപ്പെടുത്തലില്‍ എം.വി. ഗോവിന്ദന് നല്കിയ മാനനഷ്ടക്കേസ് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി 2024 ജനുവരി നാലിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.