‘‘മധ്യതിരുവിതാംകൂറിലെ ഒരു മൂലക്ക്, ഒരു മലഞ്ചരിവിന്‍െറയും വിശാലമായൊരു വയലിന്‍െറയും ഇടയിലൂടെ ഇഴഞ്ഞുപോകുന്ന പരുക്കന്‍നിരത്തിന്‍െറ തിരിവില്‍ ഒരു കാളവണ്ടി കുലുങ്ങിക്കുലുങ്ങിവരുന്ന ശബ്ദം കേട്ടുതുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ആ വണ്ടി വയലിനഭിമുഖമായി പ്രത്യക്ഷപ്പെട്ടു. ആ വാഹനം നിറയെ വീട്ടുസാമാനങ്ങളാണ്. പെട്ടി, കിടക്ക, ചെമ്പുപാത്രം, ചീനച്ചട്ടി, തകരവിളക്ക്, തഴപ്പായ്, കോഴിക്കൂട്, കപ്പി, കയര്‍, തരിപ്പ, തട്ടി എന്നുവേണ്ട വേലിത്തറിപോലും ആ ചക്കടാവണ്ടിയുടെ മേല്‍ക്കൂര മുട്ടുമാറ് വാരിവലിച്ചുകൂട്ടിയിട്ടിരിക്കുന്നു.

വണ്ടിയുടെ പിറകെ ഒരുകൂട്ടം ആളുകളും നീങ്ങിവരുന്നുണ്ട്. പൈതങ്ങളെ മാറത്തുകിടത്തിയ തള്ളമാരും പടുകിഴവന്മാരും പ്രാഞ്ചി പ്രാഞ്ചി പായുന്ന കിടാങ്ങളും പ്രായംതികഞ്ഞ പെണ്‍കുട്ടികളും പടയാളികളെപ്പോലെ മാര്‍ച്ച് ചെയ്തുവരുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരും ഇടകലര്‍ന്ന ഒരു വിചിത്രസംഘം. അവരിലോരോരുത്തരുടെയും പക്കല്‍ ഓരോ ഭാണ്ഡവുമുണ്ട്. അവരുടെ നേതാവാണെന്ന് ഊഹിക്കാവുന്ന ഒരു മധ്യവയസ്കന്‍-കറുത്ത കോട്ടും കോട്ടിന്‍െറ മീതെ ഒരു കസവുവേഷ്ടിയും ധരിച്ച് പച്ചക്കണ്ണടവെച്ചൊരു കുള്ളന്‍, വണ്ടിയുടെ അടിപ്പലകയെ തൊട്ട് ഇടക്കിടെ വണ്ടിക്കകത്തേക്ക് വലിഞ്ഞുനോക്കിക്കൊണ്ട് വണ്ടിയോടൊപ്പംതന്നെ നീങ്ങുന്നുണ്ട്. അവര്‍ എന്നന്നേക്കുമായി നാടും കുടിയും വിട്ടുപോവുകയാണ്. അജ്ഞാതമായൊരു ഭൂമിയിലേക്കുള്ള മഹാപ്രസ്ഥാനം. അവരെ ഇനി എന്നെങ്കിലും കാണാനൊക്കുമോ? അതല്ല അവര്‍ മലബാറിലെ മലമൂലകളില്‍ത്തന്നെ മൂടിപ്പോകുമോ?’’ (വിഷകന്യക -എസ്.കെ. പൊറ്റെക്കാട്ട്)

കഷ്ടപ്പാടും ദുരിതവും നിറഞ്ഞ 1940കള്‍. മധ്യതിരുവിതാംകൂറിലെ സ്വന്തം നാടും വീടുമെല്ലാം ഉപേക്ഷിച്ച് ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് അവര്‍ വണ്ടി കയറിയത്. ഉപ്പുചിരട്ടയും മുറവും ഉലക്കയും ഉരലും കുറച്ച് പാത്രങ്ങളും തുണികളുമല്ലാതെ സമ്പാദ്യമായി ഏറെയൊന്നും ഉണ്ടായിരുന്നില്ല. ജീവിതം ഒന്നില്‍നിന്ന് തുടങ്ങണമായിരുന്നു. പടവെട്ടേണ്ടത് കാടിനോടും കാട്ടുമൃഗങ്ങളോടും മാറാവ്യാധികളോടുമാണെന്നറിയാം. ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് പുതിയ ജീവിതത്തിലേക്കാണ് പോകുന്നത്. പ്രതീക്ഷയുടെ ചക്രവാളത്തില്‍ പുതിയ സൂര്യന്‍ പിറന്നപ്പോള്‍ അവര്‍ മലബാറില്‍ വണ്ടിയിറങ്ങി. നന്മയുടെ പുതുപ്പിറവി കൊതിച്ച് പുതിയ മണ്ണിലേക്ക് നടന്നു. ഒരു ക്രിസ്മസ് നക്ഷത്രംപോലെ പ്രതീക്ഷകള്‍ അവരെ മുന്നോട്ടുനയിച്ചു.

ദാരിദ്ര്യം കൊടികുത്തിവാണ കാലം. പ്രത്യാശയുടെ നാളം അണഞ്ഞുതുടങ്ങിയപ്പോള്‍ വറുതിയില്‍നിന്ന് അറുതി തേടിയാണ് മധ്യതിരുവിതാംകൂറിലെയും തെക്കന്‍ തിരുവിതാംകൂറിലെയും ജനത മലബാറിലേക്ക് കുടിയേറിപ്പാര്‍ത്തത്. അധ്വാനിക്കാന്‍ പുതിയ സ്ഥലം തേടിയും പുതിയ തലമുറക്ക് ജീവിക്കാനുള്ള മാര്‍ഗം തേടിയുമായിരുന്നു ആ യാത്ര. മലബാറിലേക്ക് ജീവിതം തേടിപ്പോകുന്നവരുടെ യാത്രക്ക് ഇച്ഛാശക്തി മാത്രമായിരുന്നു കൂട്ട്. എന്തിനെയും നേരിടാനുള്ള ധൈര്യവുമായി ഉള്ളതുമുഴുവന്‍ വിറ്റുപെറുക്കി വന്നവര്‍ക്ക് മല്ലിടേണ്ടിവന്നത് വന്യമൃഗങ്ങളുമായും മാറാവ്യാധികളുമായും. എന്നിട്ടും അവര്‍ അതിജീവനത്തിന്‍െറ പുതിയ ചരിത്രം രചിച്ചു. എല്ലാ പ്രതിസന്ധികളോടും പടവെട്ടി പിടിച്ചുനിന്നു. അന്നത്തെ അതിജീവനവും പലരുടെയും രക്തസാക്ഷിത്വവുമാണ് കുടിയേറ്റമേഖലകളിലെ ഇന്നത്തെ സമൃദ്ധിക്ക് വളമായത്. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിറിയക് ജോണിന്‍െറ ഓര്‍മകളില്‍ അന്നത്തെ കുടിയേറ്റ സ്മൃതികള്‍ നിറംമങ്ങാതെ കിടക്കുന്നു.  1950കളിലാണ് അദ്ദേഹത്തിന്‍െറ കുടുംബം കോട്ടയം വിട്ട് കോഴിക്കോട് ജില്ലയിലേക്ക് വരുന്നത്. ഒരുപാട് യാതനകള്‍ അന്ന് കുടിയേറ്റക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്നു.  ഏറ്റവും പ്രധാനപ്പെട്ട  പ്രശ്നം ഗതാഗതസൗകര്യങ്ങളില്ലായ്മയും വരുംതലമുറയുടെ വിദ്യാഭ്യാസ പ്രതിസന്ധിയുമായിരുന്നു.  

അന്ന് കൃഷിക്ക് ഫലം കിട്ടുമെന്നുറപ്പില്ലായിരുന്നു. കൃത്യമായ ഒരു വിപണിയില്ല. പലപ്പോഴും വാങ്ങാനാളില്ലാതെ ചന്തയില്‍നിന്ന് സാധനങ്ങള്‍ തിരിച്ച് വീട്ടിലത്തെിക്കേണ്ടിവന്നിട്ടുണ്ട്. തലച്ചുമടായാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നത്. പട്ടിണി കിടന്നും കടം വാങ്ങിയുമാണ് കൃഷി നടത്തിയിരുന്നത്. മുടക്കുമുതല്‍ കൈയിലുള്ളവര്‍ കുറവായിരുന്നു. ഒരിക്കല്‍ കൃഷിയിറക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റുപോകാതിരുന്നാല്‍ അടുത്ത വര്‍ഷം കൃഷിയിറക്കാന്‍ വിഷമിക്കും. കൃഷി നശിച്ചാലും മുന്നിലെ വഴിയടയും. ഒരു തവണത്തെ കൃഷിയില്‍നിന്നുള്ള വിളവ് തരുന്ന ലാഭംകൊണ്ടുവേണം അടുത്ത പ്രാവശ്യം കൃഷിയിറക്കാന്‍. തന്നാണ്ടുവിളകള്‍ (കപ്പ, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ ഹ്രസ്വകാലവിളകള്‍) പരീക്ഷിക്കാന്‍ മാത്രമേ ഭൂരിഭാഗത്തിനും കഴിവുണ്ടായിരുന്നുള്ളൂ. തെങ്ങ്, കവുങ്ങ്, റബര്‍ പോലെയുള്ള ദീര്‍ഘകാലവിളകള്‍ കൃഷി ചെയ്യുന്നവര്‍ കുറവായിരുന്നു. അപ്പോഴത്തെ ജീവിതമാര്‍ഗം കണ്ടത്തെുക, ബാക്കിയുണ്ടെങ്കില്‍ പിന്നത്തേക്ക് കരുതിവെക്കുക എന്നതായിരുന്നു സാഹചര്യം.

വര: വിനീത് എസ്. പിള്ള
 

മറ്റു കഷ്ടപ്പാടുകള്‍ക്കു പുറമേ നിരവധി ചതിക്കുഴികളും കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്നു. തിരുവിതാംകൂറിലെ പണക്കാര്‍ വന്ന് ഭൂമി ഒരുമിച്ച് വാങ്ങി കൃഷിക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. ഇടനിലക്കാര്‍ ഈ കച്ചവടത്തില്‍ അധികവും ആളുകളെ വഞ്ചിക്കും. ഇതും അവര്‍ നേരിടേണ്ടിവന്നു. ജന്മിമാരുടെ ചൂഷണം വേറെയും. ഉരുള്‍പൊട്ടല്‍പോലെ പ്രകൃതിയുണ്ടാക്കുന്ന യാതനകളുമുണ്ടായിരുന്നു.  ആദ്യകാല കുടിയേറ്റജീവിതം മുളംകുടിലുകളിലായിരുന്നു. തൂണും ഭിത്തിയും കഴുക്കോലും എല്ലാം മുള. മലമ്പനിയും വസൂരിയുമായിരുന്നു അന്നത്തെ പ്രധാന വെല്ലുവിളികളിലൊന്ന്. പലര്‍ക്കും ഈ മാറാവ്യാധികളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഒരുപാട് പേര്‍ കുടുംബത്തോടെ ഇല്ലാതായി. വീട്ടുകാര്‍ മുഴുവന്‍ രോഗബാധിതരായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കേണ്ടിവന്നവരുണ്ട്.

പല വീടുകളിലും എല്ലാവരും ഒരുമിച്ച് മലമ്പനി ബാധിച്ച് കിടന്നു. ചികിത്സക്ക് കൊണ്ടുപോകാനോ ശുശ്രൂഷിക്കാനോ ആരുമില്ല. പലരും വെള്ളംപോലും കിട്ടാതെ വിഷമിച്ചു. മഴ പെയ്തപ്പോള്‍ വീട്ടിനകത്തുനിന്ന് നിരങ്ങിനീങ്ങിവന്ന് വീടിന്‍െറ മേല്‍ക്കൂരയില്‍നിന്നൊഴുകിവരുന്ന വെള്ളം വായിലേക്ക് വീഴ്ത്തി കുടിച്ച് ദാഹമകറ്റിയവരെ കാണേണ്ടിവന്നതായി സിറിയക് ജോണ്‍ ഓര്‍ത്തെടുക്കുന്നു. കുടിലുകള്‍ക്കു മുന്നില്‍ മരണം രാപ്പകല്‍ വ്യത്യാസമില്ലാതെ കാത്തുനിന്നു. ചില കുടുംബത്തിലെ എല്ലാവരെയും അത് കൊണ്ടുപോയി. ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ പേരെ ബാക്കിയാക്കി. കൃഷിയും നശിച്ച്, ഉറ്റവരെയെല്ലാം മരണം തട്ടിയെടുത്ത് ആരോരുമില്ലാതെ ജന്മനാട്ടിലേക്ക് മടങ്ങേണ്ടിവന്നവര്‍ നിരവധി. മലമ്പനിയും വന്യമൃഗങ്ങളുടെ ഉപദ്രവവുംമൂലം ഗതികെട്ട് തിരിച്ചുപോന്നവരും അകാലത്തില്‍ മരണമടഞ്ഞവരുമുണ്ട്. ‘‘ആലിംഗനം ചെയ്യുന്നവരെ വിഷമേല്‍പിച്ചുകൊല്ലുന്ന ഈ വിഷകന്യക ഇനിയും ആയിരക്കണക്കിനാളുകളെ വശീകരിക്കും. അവരുടെ ജീവരക്തം വറ്റിക്കും. ഒടുവില്‍ അവരെ തന്നില്‍ത്തന്നെ വിലയിപ്പിക്കുകയും ചെയ്യും’’ എന്നാണ് എസ്.കെ. പൊറ്റെക്കാട്ടിന്‍െറ കുടിയേറ്റചരിത്രം പറയുന്ന നോവലായ ‘വിഷകന്യക’യിലെ നായകന്‍ മലബാറിനെപ്പറ്റി വിചാരിക്കുന്നത്.  

മക്കളുടെ ഭാവി അവര്‍ക്കു മുന്നില്‍ ഇരുളടഞ്ഞതായിരുന്നു. അടുത്ത തലമുറക്കായി സ്കൂളുകളില്ലാത്തത് ഏറെ പ്രയാസപ്പെടുത്തി. എന്നാല്‍, കുടിയേറ്റമേഖലയില്‍ പിന്നീട് സഭാപുരോഹിതന്മാരുടെയുള്‍പ്പെടെ കൂട്ടായ്മയില്‍ സ്കൂളുകളുണ്ടായി. ഗതാഗതസൗകര്യങ്ങളുണ്ടായി. ആരാധനാലയങ്ങളുണ്ടായി. ആശുപത്രികളുണ്ടായി. കുടിയേറ്റമേഖലയില്‍ പരസ്പരസഹകരണം എല്ലാവരുടെയും ആവശ്യമായിരുന്നു. അന്ന് മാത്രമല്ല, ഇന്നും കുടിയേറ്റമേഖലയില്‍ സഹകരണം നിലനില്‍ക്കുന്നുണ്ടെന്ന് പറയുന്നു സിറിയക് ജോണ്‍. നാട്ടുകാരും കുടിയേറ്റക്കാരും ഇടകലര്‍ന്ന ജീവിതമാണ് മലബാറില്‍. ഒരിക്കലും സംഘര്‍ഷത്തിന്‍െറ സാഹചര്യമുണ്ടായിട്ടില്ല. നാട്ടുകാര്‍ കുടിയേറ്റക്കാര്‍ക്ക് എല്ലാ സഹായവും വാഗ്ദാനംചെയ്ത് കൂടെനിന്നു. എല്ലാം കണ്ടറിഞ്ഞ് സഹായിക്കും. അത് മലബാര്‍ സംസ്കാരത്തിന്‍െറ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കുടിയേറ്റക്കാരെ എസ്.കെ.  പൊറ്റെക്കാട്ട് വിശേഷിപ്പിക്കുന്നത് അറിഞ്ഞോ അറിയാതെയോ ഒരൈക്യകേരളത്തിന്‍െറ ആദ്യത്തെ പടവുകള്‍ വെട്ടിയിറക്കിയ തിരുവിതാംകൂര്‍ സഹോദരങ്ങളെന്നാണ്.

1920കളിലാണ് മലബാര്‍ കുടിയേറ്റത്തിന്‍െറ തുടക്കം. തിരുവിതാംകൂറിലെ ജനസംഖ്യ വര്‍ധിച്ചതും ആനുപാതികമായി ഭൂമിയില്ലാതെയായതുമാണ് മറ്റൊരു മണ്ണ് തേടിപ്പോകാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. ഭക്ഷണദൗര്‍ലഭ്യം ജനങ്ങളെ വല്ലാതെ വലച്ചു. സ്ഥിരവരുമാനമായിരുന്ന തെങ്ങുകൃഷി വിളയെ കാറ്റുവീഴ്ചപോലുള്ള രോഗങ്ങള്‍ ബാധിച്ച് വഴിമുട്ടി. രണ്ടാം ലോകയുദ്ധത്തിന്‍െറ ഫലമായി ഭക്ഷണത്തിനുവരെ അലയേണ്ടിവന്നതുള്‍പ്പെടെ കെടുതികളും ഒരു പരിധിവരെ കുടിയേറ്റത്തിന് കാരണമായിട്ടുണ്ട്.  അങ്ങനെയാണ് വളക്കൂറു കൂടുതലുള്ള കന്നിമണ്ണ് തേടി കര്‍ഷകരിറങ്ങിയത്. അന്വേഷണം മലബാറിലത്തെിച്ചു. താഴ്ന്ന വിലക്ക് മലബാറില്‍ ഫലഭൂയിഷ്ഠമായ മണ്ണ് കിട്ടാനുണ്ടെന്ന അറിവ് പലരെയും ആകര്‍ഷിച്ചു. മലബാറില്‍  മലനിലങ്ങള്‍ പഴയ വര്‍ത്തമാനപത്രങ്ങള്‍പോലെ ആരും ഉപയോഗിക്കാതങ്ങനെ ചുമ്മാ കിടക്കുകയാണെന്ന് ‘വിഷകന്യക’യില്‍ എസ്.കെ എഴുതിയിട്ടുണ്ട്.

സര്‍ സി.പിയുടെ ദുര്‍ഭരണവും മലബാര്‍ കുടിയേറ്റത്തിന്‍െറ കാരണങ്ങളിലൊന്നായി പറയപ്പെടുന്നുണ്ട്. 1930 മുതല്‍ ’35 വരെ കുടിയേറ്റം മന്ദഗതിയിലായിരുന്നു. കൂട്ടായ കുടിയേറ്റത്തേക്കാളും ഒറ്റപ്പെട്ട കുടിയേറ്റമായിരുന്നു കൂടുതല്‍.  1945 മുതല്‍ 55 വരെയുള്ള കാലഘട്ടത്തിലാണ് ഏറ്റവുമധികം കുടിയേറ്റമുണ്ടായത്. ക്രൈസ്തവപുരോഹിതരും എന്‍.എസ്.എസും പലയിടത്തും ഭൂമി ഒരുമിച്ച് വാങ്ങി തിരുവിതാംകൂറിലെയും മധ്യതിരുവിതാംകൂറിലെയും കര്‍ഷകര്‍ക്ക് നല്‍കിയത് കൂട്ടായ കുടിയേറ്റത്തിന് വഴിതെളിച്ച സാഹചര്യമായിരുന്നു. അന്ന് അശരണര്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ക്രൈസ്തവ പുരോഹിതരാണ്. കുടിയേറിപ്പാര്‍ത്തവരുടെ മക്കള്‍ക്കായി താല്‍ക്കാലിക ഷെഡുകളിലാണെങ്കില്‍പ്പോലും സ്കൂള്‍ സൗകര്യങ്ങള്‍ ഒരുക്കി.

ആദ്യം കുടിയേറിയവര്‍ക്കു മുന്നില്‍ പ്രതിസന്ധികള്‍ ഏറെയായിരുന്നു. പലരും അതിജീവിക്കാന്‍ പ്രയാസപ്പെട്ടു. 1960 ആയപ്പോഴേക്കും കുടിയേറ്റ കുടുംബങ്ങള്‍ കൂടുകയും അവര്‍ക്ക് നേരിടേണ്ടിവന്ന ദുരിതങ്ങള്‍ കുറെയൊക്കെ ഒടുങ്ങുകയും ചെയ്തു. കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വന്നു. മറ്റു മേഖലകളേക്കാള്‍ കുടിയേറ്റമേഖല വികസിച്ചു. കുടിയേറ്റക്കാരുടെ വരവ് മലബാറിന്‍െറ കിഴക്കന്‍ മലയോരമേഖലയെ അപ്പാടെ മാറ്റി. ഇവിടത്തെ വ്യവസായമേഖലയിലും സാംസ്കാരിക, സാമൂഹിക രംഗത്തും മുന്നേറ്റമുണ്ടായി. കേരളത്തിലെ ഏറ്റവും വിദ്യാസമ്പന്നമായ മേഖലകളേക്കാളധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുടിയേറ്റമേഖലയിലുണ്ടെന്ന് ഏറെ അഭിമാനത്തോടെതന്നെ മുന്‍ എം.എല്‍.എ പറയുന്നു. എല്ലാ പഞ്ചായത്തിലും സ്കൂളുകള്‍ കൊണ്ടുവരുന്നതില്‍ തനിക്കും നേതൃത്വം വഹിക്കാനായി എന്നതും സിറിയക് ജോണ്‍ ഓര്‍ത്തെടുക്കുന്നു. കുടിയേറിപ്പാര്‍ത്ത കുടുംബത്തില്‍നിന്നുള്ള മന്ത്രിയും ജനപ്രതിനിധിയുമായത് സിറിയക് ജോണിന്‍െറ പ്രവര്‍ത്തനങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും കൃഷി ഓഫിസ് തുടങ്ങിയത് അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനഫലമായാണ്.

പ്രത്യാശകളുടെ ക്രിസ്മസ്
ദുരിതങ്ങള്‍ക്കു നടുവില്‍ ആഘോഷങ്ങളുടെ മാനസികാവസ്ഥയിലായിരുന്നില്ല അന്നത്തെ കുടിയേറ്റസമൂഹം. എങ്ങനെയും ജീവിതം കരുപ്പിടിപ്പിക്കാനുള്ള അങ്ങേയറ്റത്തെ പരിശ്രമത്തിലായിരുന്നു അവര്‍. എങ്കിലും സാമൂഹികബോധം അവര്‍ കാത്തുസൂക്ഷിച്ചിരുന്നു. കൂട്ടായ്മയുടെ ഒരു ആഘോഷവും അവര്‍ വിട്ടുകളഞ്ഞില്ല. എല്ലാ കുടിയേറ്റമേഖലയിലും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയതെങ്കിലുമായി ഒരു ക്രൈസ്തവ ആരാധനാലയം ഉണ്ടായിരുന്നു. മുളങ്കമ്പുകളും പുല്ലുകളുംകൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡുകളായിരുന്നു ആദ്യകാലത്തെ ആരാധനാലയങ്ങള്‍. ആ ആരാധനാലയത്തില്‍ അവര്‍ ഒത്തുകൂടി. ഇല്ലായ്മകള്‍ക്കിടയിലും ഒരുമയുടെ, സ്നേഹത്തിന്‍െറ, നന്മയുടെ സന്ദേശം കൈമാറി. ജാതിക്കും മതത്തിനുമപ്പുറം സൗഹൃദത്തിന്‍െറ ഊഷ്മളത തീര്‍ത്തു. അവിടെ ആഘോഷങ്ങളില്‍ ഒരുമിച്ചുകൂടി. കഴിയുന്നത്ര എല്ലാവരെയും പങ്കെടുപ്പിച്ചുള്ള ഒരുമയുടെ ക്രിസ്മസായിരുന്നു അന്നത്തേത്. വിശ്വാസത്തിനപ്പുറം ആ കൂട്ടായ്മയിലേക്ക് നാട്ടിലെ എല്ലാവരെയും ഒത്തൊരുമിപ്പിക്കാന്‍ മുന്‍കൈയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സിറിയക് ജോണ്‍ ഓര്‍ക്കുന്നു.

Tags:    
News Summary - syriac john

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.