മുത്തങ്ങ: കേരള-കർണാടക അതിർത്തിയായ മുത്തങ്ങ വഴി യാത്ര ചെയ്യുന്നവർക്ക് ഇഫ്താർ വിഭവങ്ങളും ഭക്ഷണവും ഒരുക്കി എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ. കോവിഡ് പരിശോധന കേന്ദ്രങ്ങൾക്കു മുന്നിൽ മണിക്കൂറുകൾ കാത്തുനിന്നശേഷമാണ് യാത്രക്കാരെ പോകാൻ അനുവദിക്കുന്നത്. ഭക്ഷണവും വെള്ളവും നോമ്പുതുറയും ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസകരമാണ് എസ്.വൈ.എസ് ഇഫ്താർ. നൂറു കണക്കിനു പേരാണ് ദിവസവും അതിർത്തി കടന്നെത്തുന്നത്. അതിർത്തിയിൽ കടകൾ അടഞ്ഞു കിടക്കുകയാണ്. യാത്രക്കാർക്ക് ഭക്ഷണവുമായി എല്ലാ ദിവസവും വൈകുന്നേരം സാന്ത്വനം പ്രവർത്തകരെത്തും.
പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് ജീവനക്കാർക്കും ഭക്ഷണം നൽകുന്നു. കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് നോമ്പ് തുറ വിഭവങ്ങളും ഭക്ഷണവും ഇവിടെ നൽകുന്നത്. എസ്.വൈ.എസ് കല്ലൂർ യൂനിറ്റ് പ്രവർത്തകരാണ് ഭക്ഷണം തയാറാക്കുന്നത്. സംസ്ഥാന സെക്രട്ടറി എസ്. ശറഫുദ്ദീൻ, മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം കെ.ഒ. അഹ്മദ്കുട്ടി ബാഖവി, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് മുഹമ്മദ് സഖാഫി ചെറുവേരി, ജനറൽ സെക്രട്ടറി സി.എം. നൗഷാദ്, എസ്.വൈ.എസ് ജില്ല സാന്ത്വനം സെക്രട്ടറി ഗഫൂർ സഖാഫി, സൈദ് ബാഖവി, അസീസ് മാക്കുറ്റി, മുഹമ്മദലി സഖാഫി പുറ്റാട് എന്നിവരാണ് നേതൃത്വം നൽകുന്നത്. തഹസിൽദാർ കുര്യൻ, ഡോ. മുഹമ്മദ് ദഹ്ർ, ഡോ. മുഹമ്മദ് അസ്‌ലം എന്നിവർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.