വ്യാപാരികൾക്ക് എന്നും ഊർജം നൽകിയ നേതാവായിരുന്നു ടി. നസിറുദ്ദീൻ. വിൽപന നികുതി ഉദ്യോഗസ്ഥരുടെ കടപരിശോധനക്കെതിരെ നിയമവും വകുപ്പും എടുത്ത് പറഞ്ഞ് നടത്തിയ പോരാട്ടങ്ങളാണ് നസിറുദ്ദീനെ കേരളത്തിലെ വ്യാപാരികളുടെ പ്രിയപ്പെട്ട നേതാവാക്കിയത്. സർക്കാറുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിലും നസിറുദ്ദീന്റെ പരിശ്രമങ്ങൾ വിജയിച്ചു. മറ്റു സംഘടനകളെ പിന്നിലാക്കി വ്യാപാരി വ്യവസായി ഏകോപന സമിതിയെ കേരളത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമാക്കുന്നത് നസിറുദ്ദീന്റെ നേതൃത്വത്തിലാണ്. സി.എം. ജോർജ്, എം.ഒ ജോൺ, എ. പൂക്കുഞ്ഞ് തുടങ്ങിയവരായിരുന്നു സംഘടനയുടെ മുൻ നേതാക്കൾ.
നസിറുദ്ദീൻ കേരളത്തിലുടനീളം സംഘടന വ്യാപിപ്പിച്ചു. ചെറിയ കച്ചവടക്കാരെപോലും സംഘടനയിൽ അംഗമാക്കി. എല്ലാ ഗ്രാമങ്ങളിലും യൂനറ്റുകളും ഓഫിസുകളും സ്ഥാപിച്ചു. സമ്മേളനങ്ങളും സമരങ്ങളും സംഘടിപ്പിച്ച് സംഘടനയുടെ ശക്തി പ്രകടിപ്പിച്ചു. സർക്കാറുമായി അവകാശങ്ങൾക്കുവേണ്ടി അവസാന നിമിഷംവരെ പോരടിച്ചു.
ഏറ്റവുമൊടുവിൽ 2021ൽ ലോക്ഡൗണിന്റെ പേരിൽ വ്യാപാരസ്ഥാപനങ്ങൾക്ക് അനിശ്ചിതകാല നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാറിന്റെ നിലപാടിനെതിരെ പ്രത്യക്ഷസമരം നടത്തി തിരുത്തിച്ചത് ചരിത്രമായി. കോഴിക്കോട് മിഠായിത്തെരുവിൽനിന്ന് പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിക്കുന്ന സാഹചര്യമായി. സർക്കാറുമായി നിരന്തരം ചർച്ച നടത്തി വ്യാപാരികൾക്കനുകൂലമായ തീരുമാനമെടുപ്പിക്കുന്നതിൽ നസിറുദ്ദീന്റെ നേതൃത്വം വിജയിച്ചു.
വ്യാപാരികൾക്ക് ക്ഷേമനിധി രൂപവത്കരിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എന്നും അനുസ്മരിക്കപ്പെടും. കച്ചവടക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ അദ്ദേഹവുമായി അൽപകാലം അകന്നുപ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. എന്തെല്ലാം വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംഘാടനപാടവം അംഗീകരിക്കാതിരിക്കാനാവില്ല. അദ്ദേഹം പ്രസിഡന്റും താൻ സെകട്ടറിയുമായി പതിറ്റാണ്ടോളം പ്രവർത്തിക്കാൻ അവസരമുണ്ടായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.