കോഴിക്കോട്: വ്യാപാരി നേതാവ് നസിറുദ്ദീന്റെ ശൈലി മലയാളികൾക്ക് സുപരിചിതമാണ്. ഏതു വലിയവന്റെ മുന്നിലും വ്യാപാരികളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് ഭയമില്ലായിരുന്നു. വ്യാപാരികളെ കൂടെനിർത്താനുള്ള കഴിവാണ് അദ്ദേഹത്തിന് സംഘടനയിൽ എന്നും ആധിപത്യം നൽകിയത്. കുത്തക കമ്പനികൾക്ക് വ്യാപാര മേഖല തുറന്നുകൊടുത്തപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സമരം ശ്രദ്ധിക്കപ്പെട്ടു.
കേരളത്തിന്റെ തെരുവുകളിൽ പ്രക്ഷുബ്ധമായ അന്തരീക്ഷം ഇതിന്റെ പേരിലുണ്ടായിരുന്നു. സംഘടനശക്തിവെച്ച് പൊതു തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വരെ അദ്ദേഹം തയാറായി. ഇടക്കാലത്ത് രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിനു വരെ ഒരുങ്ങി. അതേസമയം, സംഘടനാപരമായും വ്യക്തിപരമായും എന്നും വിവാദങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിവാദങ്ങളിലൊന്നും കുലുങ്ങില്ലായിരുന്നു അദ്ദേഹം.
മിഠായിത്തെരുവിൽ പിതാവ് ആരംഭിച്ച 'പി.കെ. മുഹമ്മദ് ആൻഡ് കമ്പനി' ആയിരുന്നു പിൽക്കാലത്ത് നസിറുദ്ദീന്റെ നേതൃത്വത്തിൽ ബ്യൂട്ടി സ്റ്റോഴ്സായത്. പൈലറ്റാകണമെന്നായിരുന്നു കുട്ടിക്കാലത്തെ അദ്ദേഹത്തിന്റെ ആഗ്രഹം. ചെറുപ്പകാലത്ത് വയലിനിസ്റ്റും ഫുട്ബാളറുമായിരുന്നു. വ്യാപാരി നേതാവായതോടെ കോഴിക്കോട് വ്യാപാര ഭവനായിരുന്നു പ്രവർത്തന കേന്ദ്രം. ഒട്ടനവധി വിവാദങ്ങൾ വ്യാപാര ഭവനുമായുണ്ടായി. കൂടെനിന്ന് പ്രവർത്തിച്ചവർ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പിരിഞ്ഞുപോയി. അപ്പോഴൊന്നും അടിയറവു പറയാതെ സംഘടനയുമായി മുന്നോട്ടുപോയി.
അടിക്കടിയുണ്ടാവുന്ന ഹർത്താൽമൂലം വ്യാപാരികൾ നേരിട്ട പ്രതിസന്ധിക്കെതിരെ സംഘടന കോടതിയിൽ പോയത് 2000ത്തിലാണ്. വ്യാപാരികൾക്ക് അനുകൂല വിധിയാണ് കോടതിയിൽനിന്നുണ്ടായത്.
പത്രപ്രസിദ്ധീകരണങ്ങളും സംഘടനക്കുവേണ്ടി നടത്തി. പത്രം സംഘടനക്ക് ശക്തിയാവുമെന്ന പ്രതീക്ഷയിൽ 50 ലക്ഷം രൂപ നൽകി മംഗളം പത്രത്തിന്റെ ഓഹരിയെടുത്തു. നഷ്ടം വന്നപ്പോൾ അതിൽനിന്ന് പിന്മാറി. ഏറ്റവുമൊടുവിൽ വൈ.എം.സി.എ റോഡിൽ ആധുനിക വ്യാപാര ഭവൻ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗം.
തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തനാക്കിയ വ്യക്തിയാണ് ടി. നസിറുദ്ദീൻ. അദ്ദേഹം മൂന്നു പതിറ്റാണ്ടിലധികം വ്യാപാരി വ്യവസായി ഏകോപന സമിതിയെ നയിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തിൽ ശക്തമായ നിലപാടെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ടി. നസിറുദ്ദീന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു.
ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനുശോചിച്ചു. വ്യാപാരികളുടെ ആവശ്യങ്ങൾക്കുവേണ്ടി പതിറ്റാണ്ടുകൾ പ്രയത്നിച്ച അദ്ദേഹത്തിന്റെ നിര്യാണം വ്യാപാരി സമൂഹത്തിന് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. നിര്യാണത്തിൽവനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രനും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.