മലപ്പുറം: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പൊലീസ്. നോർത്ത് സോൺ ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ കീഴിൽ 14 അംഗ സംഘമാണ് അന്വേഷണം നടത്തുക.
താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. കൊണ്ടോട്ടി എ.എസ്.പി വിജയ ഭാരത് റെഡ്ഡി, താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജ് എന്നവരാണ് സംഘത്തിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തേക്ക് കൈമാറണം.
കേസിന്റെ പുരോഗതിക്കായി നോർത്ത് സോണിനുകീഴിൽ ആവശ്യമുള്ള ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി ഉപയോഗിക്കാം. സബ് ഇൻസ്പെക്ടർ കെ. പ്രമോദ്, അസി.സബ് ഇൻസ്പെക്ടർ എ. ജയപ്രകാശ്, അസി. സബ് ഇൻസ്പെക്ടർ പി. സജിനി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.വി. രാജേഷ്, പി.വി. ജയപ്രകാശ്, വി.സി. ജിനേഷ്, വി. നിഷ, വി.പി. പ്രകാശൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ. അഭിമന്യു, എസ്. സുമേഷ്, എ. ആൽബിൻ, എ.ഒ. വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലെ നിലവിലുള്ള മറ്റു ഉദ്യോഗസ്ഥർ.
സർക്കാറിൽനിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് പുതിയ അന്വേഷണ സംഘം രൂപവത്കരിച്ചത്. അന്വേഷണസംഘം കാര്യക്ഷമവും ഫലപ്രദവുമായ അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ഓരോ ദിവസവും അന്വേഷണ പുരോഗതി സംഘത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥനും അസി. അന്വേഷണ ഉദ്യോഗസ്ഥനുമാണ് ഏകോപനത്തിന്റെ പ്രധാന ചുമതലയെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.