പരപ്പനങ്ങാടി: തിങ്കളാഴ്ച നടന്ന പ്രവേശനോത്സവത്തിനിടെ പരപ്പനങ്ങാടി പെംസ് സി.ബി.എസ്.ഇ സ്കൂളിലേക്ക് ആ പൊലീസ് ജീപ്പ് കടന്നുവന്നത് നൊമ്പരമുണർത്തുന്ന ഓർമകളുമായാണ്. കുട്ടികളും രക്ഷിതാക്കളും ആകാംക്ഷയോടെ നോക്കിനിൽക്കെ പരപ്പനങ്ങാടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജിനേഷിന്റെ കൈപിടിച്ച്, തോളിൽ പുതിയ പുസ്തക സഞ്ചിയും പുത്തനുടുപ്പുമണിഞ്ഞ് അവനിറങ്ങിവന്നു.
താനൂർ ബോട്ടപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ സ്വബ്റുദ്ദീന്റെ മൂത്തമകൻ ഫഹ്മിൻ അബുവായിരുന്നു അത്. കൈപിടിച്ച് സ്കൂളിലെത്തിക്കാൻ പൊലീസുകാരനായിരുന്ന വാപ്പയില്ലെങ്കിലും പൊലീസ് ജീപ്പിൽ പോവണമെന്നത് ഫഹ്മിയുടെ ഒരാഗ്രഹമായിരുന്നു. അതറിഞ്ഞ സി.ഐ ജിനേഷ് തന്നെ ജീപ്പുമായി വീട്ടിലെത്തി അവനെയെടുത്ത് സ്കൂളിലേക്ക് വരികയായിരുന്നു. ഭാവിയിൽ പിതാവിനെപ്പോലെ ജനകീയനായ പൊലീസുകാരനാകാനാണ് ഫഹ്മിന്‍ ആഗ്രഹം.
സ്കൂളിലെത്തിയ ഫഹ്മിയെ പെംസ് മാനേജർ ഇ.ഒ അബ്ദുൽ ഹമീദ്, പ്രിൻസിപ്പൽ എം.ബി ബീന, പി.ടി.എ പ്രസിഡന്റ് പി.കെ ഫിറോസ്, അഡ്മിനിസ്ട്രേറ്റർ മൻസൂർ അലി തുടങ്ങിയവർ സ്വീകരിച്ചു. സ്വബ്റുദ്ദീന്റെ മക്കൾക്ക് പെംസ് സി.ബി.എസ്.ഇ സ്കൂളിലും ഇസ് ലാഹിയ സി.ഐ.ഇ.ആർ മദ്രസയിലും അൽഫിത്റ പ്രീസ്കൂളിലും സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് പരപ്പനങ്ങാടി എജുക്കേഷണൽ കോംപ്ലക്സ് ആന്റ് ചാരിറ്റി സെന്റർ (ഇ.സി.സി.സി) അറിയിച്ചിരുന്നു.
ചിറമംഗലത്തെ സ്കൂളിൽ പഠിച്ചിരുന്ന ഫഹ്മിൻ മൂന്നാം ക്ലാസിലേക്കാണ് പെംസ് സ്കൂളിലേക്കെത്തുന്നത്. സ്വബ്റുദ്ദീന്റെ മകൾ ആയിഷാ ദുആ അൽഫിത്റ പ്രീ സ്കൂളിലാണ് ചേർന്നത്. ഇ.സി.സി.സിക്ക് കീഴിലെ ഇഷാഅത്തുൽ ഇസ് ലാം അറബിക് കോളജിലെ പൂർവ വിദ്യാർഥി കൂടിയായിരുന്നു സ്വബ്റുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.