തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അന്വേഷണസംഘത്തിൽനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി ഡി.ജി.പിക്ക് കത്ത് നൽകി. താനൂർ കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകുന്നതിന് മുമ്പ് അഭിഭാഷകനെ കാണണമെന്ന് സസ്പെൻഷനിലായ എസ്.ഐയോട് വി.വി. ബെന്നി നിർദേശിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം.
മരംമുറി കേസിലെ പ്രതികള്‍ വ്യാജവാർത്തകള്‍ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തന്നെയും സർക്കാറിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകള്‍ പ്രചരിക്കുന്നതായും കത്തിൽ പറയുന്നു. ഡി.ജി.പി ഇതേവരെ തീരുമാനം എടുത്തിട്ടില്ല.
മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റ് ചെയ്തത് ബെന്നിയായിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് താനൂർ എസ്.ഐ കൃഷ്ണലാലുമായി വി.വി. ബെന്നി നടത്തിയ ഫോൺ സംഭാഷണം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഫോൺ സംഭാഷണത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഡിവൈ.എസ്.പി വി.വി. ബെന്നി ‘മാധ്യമ’ത്തോട് പറഞ്ഞു. ആശങ്കയിലായ എസ്.ഐയെ സമാധാനിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെന്നാണ് ബെന്നിയുടെ ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.