തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണത്തിൽ ചർച്ച ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിഷയം ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. താമിർ ജിഫ്രിയുടേത് ക്രൂരമായ കൊലപാതകമാണെന്നും മലദ്വാരത്തിൽ ലാത്തികയറ്റൽ ഉൾപ്പെടെ മർദനമുറകളാണ് പൊലീസ് നടത്തിയതെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച എൻ. ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. എസ്.പി നേരിട്ട് നിയന്ത്രിക്കുന്ന ഡാൻസാഫ് പൊലീസ് സംഘമാണ് കൊല നടത്തിയത്. അതിനാൽ, എസ്.പിയെ മാറ്റി നിർത്തി അന്വേഷിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് സ്റ്റേഷൻ ആളുകളെ കൊല്ലാനുള്ള ഇടമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേസ് സി.ബി.ഐക്ക് വിട്ടെന്നും മജിസ്ട്രേറ്റ് തല അന്വേഷണവും നടക്കുമെന്നും കുറ്റക്കാർ രക്ഷപ്പെടില്ലെന്നും ഉറപ്പുനൽകി. എസ്.പിയെ മാറ്റി നിർത്തണമെന്ന ആവശ്യം അദ്ദേഹം തള്ളി. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 27 പൊലീസുകാരെ പിരിച്ചുവിട്ടത് ഈ സർക്കാറാണ്. മറ്റു സംസ്ഥാനങ്ങളിൽ ഏറ്റുമുട്ടൽ കൊല ആവർത്തിക്കുമ്പോൾ കേരളത്തിൽ മികച്ച നിലയിലാണ് പൊലീസ് പ്രവർത്തനം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സേനയെ അടച്ചാക്ഷേപിക്കരുത്- മുഖ്യമന്ത്രി തുടർന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ, അടിയന്തര പ്രമേയത്തിന് സ്പീക്കർ എ.എൻ. ഷംസീർ അനുമതി നിഷേധിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങളെന്ന് മുഖ്യമന്ത്രി പറയുന്ന പൊലീസ് വീഴ്ചകൾ എണ്ണാൻ കൗണ്ടിങ് മെഷീൻ വാങ്ങേണ്ട നിലയാണെന്ന് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗത്തിൽ പരിഹസിച്ചു.കസ്റ്റഡി മരണം ആവർത്തിക്കുന്നു. ഭർത്താവിനെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയെന്ന് പറഞ്ഞ് പൊലീസ് വീടിനകം വരെ കുഴിക്കുന്നു. കൊല്ലപ്പെട്ട ഭർത്താവ് പിറ്റേന്ന് ജീവനോടെ വരുന്നു. 84കാരിയെ ആളുമാറി കേസിൽ കുടുക്കി കോടതി കയറ്റിയത് നാലു വർഷമാണ്. അതേസമയം, സ്ത്രീകളോട് മോശമായി പെരുമാറിയതിന് പാർട്ടി നടപടിയെടുത്തവർക്കെതിരെ കേസില്ലെന്നും പൊലീസിനും മുകളിലാണ് പാർട്ടി എന്ന നിലയാണ് പൊലീസ് അതിക്രമത്തിന് കാരണമെന്നും സതീശൻ കുറ്റപ്പെടുത്തി.
കേസ് സി.ബി.ഐക്ക് വിട്ടതുകൊണ്ട് തീരില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഉരുട്ടിക്കൊലയുടെ കാലത്ത് പറഞ്ഞുകേട്ട ക്രൂരമർദന മുറകളാണ് താനൂരിൽ പൊലീസ് പ്രയോഗിച്ചത്. ദിവസങ്ങൾ മുമ്പ് താമസിക്കുന്ന മുറിയിൽനിന്ന് പിടിച്ചുകൊണ്ടുപോയ യുവാവിനെയാണ് പാതിരാത്രി പാലത്തിനടിയിൽനിന്ന് പിടികൂടിയതെന്ന് എഫ്.ഐ.ആർ ഇട്ടത്. യുവാവ് മരിച്ച് മണിക്കൂറുകൾക്കു ശേഷം അയാളെ പ്രതിയാക്കി മയക്കുമരുന്ന് കേസെടുത്തു. പൊലീസ് നടപടി ദുരൂഹമാണെന്നും കുറ്റക്കാർക്കെതിരെ കർശന നപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.