തിരുവനന്തപുരം: ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ ദേഹത്ത് പച്ച കുത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തിയും മാർഗനിർേദശങ്ങൾ പുറപ്പെടുവിച്ചും ആരോഗ്യവകുപ്പ്. തെരുവോരങ്ങളിലും സ്ഥാപനങ്ങളിലും അണുമുക്തമാക്കാത്ത സൂചിയും ഒരേ മഷി ആവർത്തിച്ച് ഉപയോഗിക്കുന്നതും കാരണം മാരക രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. അണുമുക്തമാക്കാത്ത സൂചികൾ ഉപയോഗിച്ച് പച്ച കുത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
ഇനി പച്ച കുത്തുന്നതിന് ലൈസൻസുള്ള ഏജൻസികൾക്ക് മാത്രമേ അനുവാദമുണ്ടാകൂ. ഇതിനായി ഉപയോഗിക്കുന്ന മഷി ഡ്രഗ്സ് കൺട്രോൾ അതോറിറ്റി അംഗീകരിച്ചതാണെന്ന് ഉറപ്പാക്കും. പച്ച കുത്തിക്കൊടുക്കുന്ന വ്യക്തി ഗ്ലൗസ് ധരിക്കണം. സൂചികൾ, ഡൈ നിറച്ച ട്യൂബുകൾ എന്നിവ ഡിസ്പോസിബിളായിരിക്കണം. അല്ലാത്തവ അണുമുക്തമാക്കണം.
പച്ച കുത്തുന്നതിന് മുമ്പും ശേഷവും പച്ച കുത്തേണ്ട ഭാഗം സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം. പച്ച കുത്തൽ തൊഴിലാക്കിയവർക്ക് ലൈസൻസ് അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തിൽ സംവിധാനമൊരുക്കണം. സ്ഥലം വൃത്തിയും ശുചിത്വവുമുള്ളതായിരിക്കണം. വരുന്ന വർക്ക് ഇരിപ്പിട സൗകര്യം ഉണ്ടാകണം.
ഉപയോഗശേഷം സിറിഞ്ച്, സൂചി, പഞ്ഞി എന്നിവ നിലവിലെ മാലിന്യനിർമാർജന ചട്ടപ്രകാരം നശിപ്പിക്കുകയും ഇക്കാര്യം ബന്ധപ്പെട്ട െഹൽത്ത് ഇൻസ്പെക്ടറോ, ഹെൽത്ത് സൂപ്പർവൈസറോ ഉറപ്പുവരുത്തുകയും വേണം. ഇത്തരം കേന്ദ്രങ്ങളുടെ പരിശോധന ജില്ല തലത്തിലും പ്രാഥമികാരോഗ്യകേന്ദ്രത്തിലും നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.