തിരുവനന്തപുരം: ജി.എസ്.ടിയിൽ ഉടക്കിയ കരാറുകാരെ അനുനയിപ്പിക്കാൻ ധനവകുപ്പ് തയാറാക്കിയ നികുതിയിളവ് മൂന്നു വിഭാഗങ്ങളിലായി. പ്രവൃത്തിയുടെ സ്വഭാവം അനുസരിച്ച് ഒന്ന്, മൂന്ന്, അഞ്ച് ശതമാനം എന്നിങ്ങനെയാണ് നികുതിയിളവ് ക്രമീകരിച്ചത്. അവ്യക്തത കാരണം ഉത്തരവ് വെള്ളിയാഴ്ച ഇറക്കിയില്ല.
ജി.എസ്.ടി പ്രാബല്യത്തിൽ വന്ന ജൂലൈ ഒന്നിനു മുമ്പ് ടെൻഡറായ പുതിയ റോഡുകൾക്ക് അഞ്ചു ശതമാനം നികുതിയിളവ് നൽകും. സോളിങ്, ടാറിങ് ഉൾെപ്പടെയുള്ള മുഴുവൻ പ്രവൃത്തിയും വരുന്നതിനാലാണ് പുതിയ റോഡുകൾക്ക് അഞ്ചു ശതമാനം നികുതി ആശ്വാസം ഏർപ്പെടുത്തുന്നത്. റോഡുകളുടെ ഉപരിതലം വീണ്ടും ടാർ ചെയ്യുന്നതുപോലുള്ള പ്രവൃത്തിക്ക് മൂന്നുശതമാനം ഇളവും നൽകും. കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് ഒരു ശതമാനമാണ് നികുതിയിളവ്. ഇങ്ങനെ മരാമത്ത് പ്രവൃത്തികൾ തരംതിരിച്ച് പട്ടിക തയാറാക്കിയാണ് ഉത്തരവ് തയാറാക്കിയത്. 12 ശതമാനം ജി.എസ്.ടി നിലവിൽവരുന്നതറിയാതെ ടെൻഡറെടുത്ത പ്രവൃത്തിയെന്ന നിലക്കാണ് കരാറുകാർക്ക് ആശ്വാസം നൽകാൻ തീരുമാനിച്ചത്.
ജി.എസ്.ടി എസ്റ്റിമേറ്റ് തുകയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തള്ളിയാണ് ധനവകുപ്പിെൻറ നടപടി. ജി.എസ്.ടിക്കു മുമ്പ് നാല് ശതമാനം വാറ്റ് ആണ് കരാറുകാർ അടച്ചിരുന്നത്. ജി.എസ്.ടിയോടെ അധികമായി വന്ന എട്ടു ശതമാനമെങ്കിലും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണമെന്ന നിർദേശവും സർക്കാർ അംഗീകരിച്ചില്ല. ഉത്തരവ് ഇറക്കുന്നതിനു മുന്നോടിയായി വെള്ളിയാഴ്ച കരാറുകാരുമായി നിശ്ചയിച്ച ചർച്ചയും മാറ്റിയിട്ടുണ്ട്. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.
തദ്ദേശ-പൊതുമരാമത്ത്-ധനവകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ നടത്തിയ വിവിധ ചർച്ചകൾക്കുശേഷമാണ് നികുതി ആശ്വാസം നൽകാമെന്ന നിലപാടിലെത്തിയത്. കരാറുകാരുടെ പ്രതിഷേധം കാരണം പ്രവൃത്തി പാതിവഴിയിൽ മുടങ്ങിയ സ്ഥിതിവന്നതോടെയാണ് ചർച്ചക്കുവിളിച്ചത്. തദ്ദേശവകുപ്പിെൻറ പദ്ധതികൾക്കു മാത്രമാണ് പ്രധാനമായും നികുതിയിളവ് ബാധകമാവുക. ജൂലൈ ഒന്നിനു മുമ്പ് 20,000ൽ താഴെ ടെൻഡറുകൾ മാത്രമാണ് അംഗീകരിച്ചത്.
അതേസമയം, സർക്കാറിെൻറ നിർദേശം കരാറുകാർ തള്ളി. ജൂൈല ഒന്നിനു മുമ്പത്തെ പ്രവൃത്തികൾക്കുമാത്രം നികുതിയാശ്വാസം എന്നത് അംഗീകരിക്കാനാവില്ലെന്ന് ഒാൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര പറഞ്ഞു. ടെൻഡർ ബഹിഷ്കരണം ഉൾെപ്പടെയുള്ള നടപടികളുമായി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.