ചാത്തമംഗലം: കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും ഒത്തുചേർന്ന് നടപ്പാക്കുന്നത് നികുതി ഭീകരതയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം ശക്തമായിത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചൂലൂരിൽ സി.എച്ച് സെൻറർ സമർപ്പണ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ ചെറിയതോതിൽ വില കുറച്ചത് താൽക്കാലിക ആശ്വാസമാണ്. എന്നാൽ, മാസങ്ങളായി തുടർച്ചയായി വില വർധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ആറു വർഷംകൊണ്ട് 300 ശതമാനമാണ് കേന്ദ്രം നികുതി വർധിപ്പിച്ചത്. അതിൽ ചെറിയൊരു കുറവു മാത്രമാണ് വരുത്തിയത്. ചില കച്ചവടക്കാർ നടത്തുന്ന ഡിസ്കൗണ്ട് സെയിൽ പോലെയാണ് ഇപ്പോൾ വില കുറച്ചത്. കേന്ദ്രം വർധിപ്പിക്കുന്നതിന് ആനുപാതികമായി കിട്ടുന്ന അധികവരുമാനത്തിൽ ഒരു തുക ഇന്ധന സബ്സിഡിയായോ വിലയിൽ കുറവു വരുത്തിയോ പൊതുജനങ്ങൾക്കു നൽകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ യു.ഡി.എഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എം.എം. ഹസൻ. ഇന്ധനനികുതി കുറച്ച് നക്കാപ്പിച്ച സൗജന്യം കേന്ദ്ര സര്‍ക്കാര്‍ നല്കുമ്പോള് ചില്ലിക്കാശിെൻറ നികുതി പോലും കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് പ്രതിഷേധാർഹമാെണന്ന് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ധന വില വര്‍ധനക്കെതിരെ സമര പരമ്പര നടത്തിയ സി.പി.എം കേരള സര്‍ക്കാറിനോട് നികുതി കുറയ്ക്കേണ്ടെന്ന് ഉപദേശിക്കുന്നത് പരിഹാസ്യമാണ്. കേന്ദ്രവും സംസ്ഥാനവും നികുതി കൊള്ള അവസാനിപ്പിക്കുംവരെ യു.ഡി.എഫ് ശക്തമായ സമരം നടത്തും. യു.ഡി.എഫ് ജില്ല നേതൃസമ്മേളനങ്ങൾ നവംബർ 15-25 വരെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന് സാമ്പത്തികകാര്യ വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗവുമായ ഡോ. ജോസ് സെബാസ്റ്റ്യൻ.
ഉപതെരഞ്ഞെടുപ്പുകളിൽനിന്ന് പാഠം പഠിച്ച് ബി.ജെ.പി സർക്കാർ പെട്രോളിെൻറയും ഡീസലിെൻറയും വില കുറച്ചു. കേരളം നികുതി കുറക്കാൻ തയാറല്ലെന്നാണ് ധനമന്ത്രി പറയുന്നത്. കുറക്കേണ്ടെന്നാണ് സി.പി.എം നിലപാട്. കേരളത്തിന് പെട്രോൾ നികുതി പ്രധാനമാണെന്ന് അവർ വിലിയിരുത്തുന്നു. നമ്മുടെ ഖജനാവ് ഈ വിധം കാലിയായത് എന്തുകൊണ്ടാണെന്ന് ഇവർ ജനങ്ങളോട് പറയണം. തെറ്റായ ധനകാര്യ മാനേജ്െമൻറാണ് ഖജനാവ് കാലിയാക്കിയത്. അതിൽ തോമസ് ഐസക്കിനും പങ്കുണ്ടെന്നും ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂർ: കേന്ദ്ര സർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ബി.ജെ.പി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. നികുതി കുറക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ധിക്കാരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.