പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോ‍‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‍റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ്​ റിയാസും നടൻ ജയസൂര്യയും

റോഡ്​ തകർച്ച; മന്ത്രിയെ വേദിയിലിരുത്തി ജയസൂര്യയുടെ വിമർശനം: 'നികുതി അടക്കുന്നവർക്ക്​ നല്ല റോഡ്​ വേണം, മഴയാണ്​ പ്രശ്​നമെങ്കിൽ ചിറാപൂഞ്ചിയിൽ റോഡുണ്ടാകുമോ?'

തിരുവനന്തപുരം: സംസ്​ഥാനത്തെ റോഡുകളുടെ മോശം അവസ്​ഥയെ പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസിന്‍റെ സാന്നിധ്യത്തിൽ വിമർശിച്ച്​ നടൻ ജയസൂര്യ. നികുതി അടക്കുന്നവർക്ക്​ നല്ല റോഡ്​ വേണമെന്നും മഴയുടെ പേരിൽ അറ്റകുറ്റപ്പണി നടത്താതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോ‍‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു ജയസൂര്യയുടെ വിമർശനം.

'ഗതികെട്ടാണ്​ 2013ൽ എറണാകുളത്ത്​ റോഡിലിറങ്ങി കുഴിയടച്ചത്​. അതിന്‍റെ പേരിൽ ഒരുപാട്​ പ്രശ്​നങ്ങൾ​ നേരിട്ടു. പക്ഷെ, അതൊന്നും വകവെക്കുന്നില്ല. ഇന്നും കേരളത്തിലെ പലഭാഗത്തും റോഡുകളുടെ അവസ്​ഥ വളരെ മോശമാണ്​.

കഴിഞ്ഞദിവസം ഷൂട്ടിങ്ങിന്‍റെ ഭാഗമായി വാഗമണിൽ പോയിരുന്നു. ധാരാളം ടൂറിസ്റ്റുകൾ വരുന്ന ഭാഗമാണത്​. അവിടെ എത്താൻ ഓരോ വാഹനവും മണിക്കൂറുകളാണ്​ എടുക്കുന്നത്​. റോഡിന്‍റെ അവസ്​ഥ അത്രയും മോശമാണ്​. അപ്പോൾ തന്നെ മന്ത്രി മുഹമ്മദ്​ റിയാസിനെ വിളിച്ചു. ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ട ആളുകളെ വിളിച്ച്​ മറുപടി നൽകി. അതാണ്​ റിയാസിനോട്​ തനിക്ക്​ ബഹുമാനം തോന്നാനുള്ള കാരണം.

കേരളത്തിൽ മഴയുടെ പേര്​ പറഞ്ഞാണ്​ റോഡ്​ നവീകരണം നീളുന്നത്​. മഴയാണ്​ പ്രശ്​നമെങ്കിൽ ചിറാപൂഞ്ചിയിൽ റോഡുണ്ടാകില്ലല്ലോ. മഴ പോലുള്ള പലവിധ കാരണങ്ങൾ പറയാനുണ്ടാകും. പക്ഷെ, അതൊന്നും ജനങ്ങൾ അറിയേണ്ട കാര്യമില്ല. ടാക്​സ്​ അടച്ചാണ്​ ഓരോരുത്തരും വാഹനം റോഡിലിറക്കുന്നത്​​. അവർക്ക്​ നല്ല റോഡ്​ വേണം. മോശം റോഡുകളിൽ വീണ്​ മരിച്ചാൽ ആരാണ്​ സമാധാനം പറയുക' -ജയസൂര്യ ചോദിച്ചു.

റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഉദ്യോഗസ്​ഥർ ഓരോ മാസവും റോഡുകൾ സന്ദർശിച്ച്​ നിലവാരം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Taxpayers need a good road. If rain is the problem, will there be a road in Cherrapunji? Jayasuriya criticizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.