തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പ്രവേശനത്തിൽ കള്ളക്കണക്ക് കണ്ടെത്തിയാൽ ക്ലാസ് അധ്യാപകനെയും പ്രധാന അധ്യാപകനെയും ഉത്തരവാദികളാക്കിയുള്ള കേരള വിദ്യാഭ്യാസ ചട്ട (കെ.ഇ.ആർ) ഭേദഗതിയോടൊപ്പം അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ച ചട്ടത്തിലും ഭേദഗതി വരുത്തി. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർ.ടി.ഇ) ഷെഡ്യൂൾ പ്രകാരമായിരിക്കുമെന്ന വ്യവസ്ഥ '23 എ' എന്ന പുതിയ ചട്ടമായി ചേർത്തിട്ടുണ്ട്.
നേരത്തേ കെ.ഇ.ആർ വ്യവസ്ഥ ചെയ്യുന്ന രീതിയിലുള്ള അനുപാതമാണ് കേരളം പിന്തുടർന്നിരുന്നത്. 2009ൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വരുകയും കേരളത്തിൽ നടപ്പാക്കി വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നെങ്കിലും അനുപാതത്തിൽ മാറ്റം വരുത്തിയിരുന്നില്ല. കെ.ഇ.ആർ വ്യവസ്ഥപ്രകാരമുള്ള അനുപാതത്തിനെതിരെ ഒട്ടേറെ തവണ സർക്കാറും മാനേജ്മെൻറുകളും കോടതിയെ സമീപിച്ചിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഷെഡ്യൂൾ പ്രകാരമുള്ള അനുപാതമേ നിലനിൽക്കൂവെന്ന് കോടതി വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും ചട്ടത്തിൽ ഭേദഗതി വരുത്തുന്നത് ഇപ്പോഴാണ്.
ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ (എൽ.പി) 30 കുട്ടികൾക്ക് ഒരു അധ്യാപക തസ്തിക(ഡിവിഷൻ)യും ഒരു കുട്ടി വർധിച്ച് 31 ആയാൽ രണ്ടാമത്തെ തസ്തികയും സൃഷ്ടിക്കാം. ആറു മുതൽ എട്ടു വരെ (യു.പി) ക്ലാസുകളിൽ 35 കുട്ടികൾക്ക് ഒരു തസ്തികയും ഒരു കുട്ടി വർധിച്ച് 36 ആയാൽ രണ്ടാമത്തെ തസ്തികയും സൃഷ്ടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.