തിരുവനന്തപുരം: പ്രതിപക്ഷനേതാവ് സംസാരിക്കുന്നതിനിടെ, മുതിർന്ന നേതാക്കൾ നിറഞ്ഞ വേദിക്ക് മുകളിലൂടെ കണ്ണീർവാതക ഷെല്ലുകൾ അണികൾക്കിടയിലേക്ക്. പിന്നാലെ സ്ഫോടന സമാനം ഉഗ്രശബ്ദം. അമ്പരന്ന് ചിതറി ഓടുകയായിരുന്നു, സ്ത്രീകളടക്കം പ്രവർത്തകർ. സെക്കന്റുകൾക്കുള്ളിൽ ചുറ്റുപാടും കനത്ത പുക നിറഞ്ഞു. ഒപ്പം വെടിപൊട്ടുംവിധം ശബ്ദവും. കണ്ണെരിഞ്ഞും തൊണ്ടനീറിയും ഒരടി പോലും നീങ്ങാൻ കഴിയാതെ നിലതെറ്റിയവരുടെ മേലേക്ക് ശക്തിയിൽ ജലപീരങ്കിയും. ഭീകരമായാണ് കെ.പി.സി.സി ആഹ്വാനംചെയ്ത ഡി.ജി.പി ഓഫിസ് മാർച്ചിനെ പൊലീസ് നേരിട്ടത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കെ. മുരളീധരൻ, ശശി തരൂർ തുടങ്ങിയ നേതാക്കൾ വേദിയിലുള്ളപ്പോഴായിരുന്നു പൊലീസിന്റെ കൈവിട്ട കളി. നേതാക്കൾ സംസാരിക്കുമ്പോഴോ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലോ ഇത്തരമൊരു നടപടിയിലേക്ക് പൊലീസ് മുതിരുക പതിവില്ല. ഇനി നിർബന്ധിതാവസ്ഥയിൽ ജലപീരങ്കി പ്രവർത്തിക്കേണ്ടി വന്നാൽപോലും സൈറൺ മുഴക്കും. ഇതൊന്നും പാലിക്കാതെയായിരുന്നു പൊലീസ് നീക്കം. തങ്ങൾക്ക് നേരെ കല്ലെറിഞ്ഞതാണ് നടപടിക്ക് കാരണമായി പൊലീസ് പറയുന്നത്. പ്രവർത്തകരെ പിരിച്ചുവിടാൻ വെടിശബ്ദം മാത്രമുള്ള ഷെല്ലുകളാണ് ആദ്യം പൊലീസ് പൊട്ടിച്ചത്. പ്രവർത്തകർ പിരിഞ്ഞു പോകാതിരുന്നതോടെ തീവ്രശേഷിയുള്ള കണ്ണീർ വാതകം പ്രയോഗിച്ചത്.
നടുവിൽ നേതാക്കൾ,
താൽക്കാലികമായി തയാറാക്കിയ വേദിയിൽ നിറയെ ആളുണ്ടായിരുന്നു. അപ്രതീക്ഷിത നടപടിയിൽ നേതാക്കളും അമ്പരന്നു. യോഗം അലങ്കോലപ്പെട്ടു. കണ്ണീർ വാതകം നിറഞ്ഞതോടെ നേതാക്കളെല്ലാം വേദിയിൽ നിന്നിറങ്ങി. ജലപീരങ്കിയിൽ വേദിയാകെ നനഞ്ഞുകുതിർത്തു. ശ്വാസം മുട്ടി അസ്വസ്ഥത അനുഭവപ്പെട്ട നേതാക്കളെ പ്രവർത്തകർ വാഹനത്തിലേക്ക് മാറ്റി. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ജലപീരങ്കിക്ക് നടുവിലൂടെയാണ് നടന്നുനീങ്ങിയത്. കെ. സുധാകരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വേഗം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറുഭാഗത്ത് ഈ സമയം പൊലീസുമായി പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടുന്നുണ്ടായിരുന്നു. അവശരായ പ്രവർത്തകർ മാനവീയം വീഥിയിലും വെള്ളയമ്പലത്തേക്കുമുള്ള റോഡിലും തമ്പടിച്ചു.
‘കണ്ണീർവാതകമല്ല,
ഇത് കണ്ണൂർ വാതകം’
ഇരുവശത്തും ഉയർന്ന മതിലുകളായതിനാൽ ശ്വാസംമുട്ടി ചിതറി ഓടിയവർക്കും രക്ഷാസ്ഥാനം കണ്ടെത്താനായില്ല. പലർക്കും വീണ് പരിക്കേറ്റു. സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള പ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങൾ തേടി നെട്ടോട്ടമായിരുന്നു. ഇത് കണ്ണീർവാതകമല്ല, കണ്ണൂർ വാതകമാണെന്ന് ചിലർ വിളിച്ചുപറയുന്നുണ്ടായിരുന്നു. പല ഭാഗത്തായി കൂടിനിന്ന പ്രവർത്തകർ വീണ്ടും മുദ്രാവാക്യം മുഴക്കി മുന്നോട്ടുനീങ്ങിയെങ്കിലും ഇവർക്ക് നേരെയും പൊലീസ് കണ്ണീർ വാതകം പൊട്ടിച്ചു. രക്ഷതേടി മാറി നിന്ന പ്രവർത്തകർക്ക് നേരെയും ടിയർ ഗ്യാസ് പ്രയോഗമുണ്ടായി. നേതാക്കൾ വേദിയിലുള്ളപ്പോൾ ആരും പിന്തിരിയരുതെന്ന് ചിലർ വിളിച്ച് പറയുന്നുണ്ടായിരുന്നു.
പൊലീസിന്റെ ഭാഗത്തുനിന്ന് പിന്മാറ്റമില്ലെന്ന് കണ്ടതോടെ പ്രവർത്തകരും തിരിച്ചടിച്ചു. റോഡ് നിർമാണത്തിനായി നിരത്തിയിട്ടിരുന്ന കരിങ്കല്ലുകൾ പൊലീസിന് നേരെ വ്യാപകമായി എറിഞ്ഞു. മാര്‍ച്ചിനിടെ എം.പിമാർക്കുനേരെയുണ്ടായ പൊലീസ് അതിക്രമം സംബന്ധിച്ച് ലോക്സഭ സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പരാതി നല്കി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് താനുള്‍പ്പെടെ എം.പിമാര്ക്കെതിരെയുണ്ടായ പൊലീസ് നടപടി അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സമഗ്ര അന്വേഷണം അനിവാര്യമാണെന്ന് ലോക്സഭ സ്പീക്കര്‍ക്ക് നല്കിയ പരാതിയില്‍ സുധാകരന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.