കൊച്ചി: തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ (ഓപറേഷൻ താമര) ശ്രമിച്ചെന്ന കേസിലെ മുൻകൂർ ജാമ്യ ഹരജിയിൽ, ചോദ്യം ചെയ്യലിന് വിധേയരായ കൊച്ചി അമൃത ആശുപത്രിയിലെ മൂന്ന് ജീവനക്കാരുടെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി വിലക്കി.
എൻ.ഡി.എ കേരള കണ്‍വീനറും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെതടക്കം പങ്കാളിത്തം ആരോപിക്കപ്പെടുന്ന സംഭവത്തിൽ, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച് സെന്ററിലെ (എ.ഐ.എം.എസ്) മൂന്ന് ഉദ്യോഗസ്ഥർ നൽകിയ ഹരജിയിലാണ് ഇവരുടെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞ് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടത്. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിലാണിത്.
കേസുമായി ഒരു ബന്ധവുമില്ലാത്ത തങ്ങൾക്ക് പ്രത്യേക അന്വേഷണ സംഘത്തലവനായ ഹൈദരാബാദിലെ രാജേന്ദ്രനഗർ അസി. പൊലീസ് കമീഷണറുടെ ഓഫിസിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയിരിക്കുകയാണെന്നും അറസ്റ്റ് തടയണമെന്നുമാവശ്യപ്പെട്ട് ആശുപത്രി കോഓഡിനേറ്റർ ശരത് മോഹൻ, ക്ലിനിക്കൽ കോഓഡിനേറ്റർ വിമൽ വിജയൻ, അഡ്മിനിസ്ട്രേറ്റിവ് എക്സിക്യൂട്ടിവ് കെ.പി. പ്രശാന്ത് എന്നിവർ ഹരജി നൽകിയത്. തെലങ്കാന സൈബർബാദിലെ മൊയീനാബാദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ക്രിമിനൽ നടപടി ചട്ടം 41(എ) പ്രകാരമുള്ള നോട്ടീസാണ് നൽകിയിരിക്കുന്നത്. ഒന്നാം പ്രതി രാമചന്ദ്ര ഭാരതിയടക്കം മൂന്ന് പ്രതികളുമായി തുഷാർ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. അമൃത ആശുപത്രി അഡീഷനല്‍ ജി.എം ഡോ. ജഗ്ഗു മുഖേനയാണ് ഇവർ പരിചയത്തിലാകുന്നതും ചർച്ചക്ക് വഴിതെളിഞ്ഞതുമെന്നാണ് കേസ്. ഡോ. ജഗ്ഗുവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി തങ്ങളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.