ചിത്രം: TA Ameerudheen

സർക്കാർ സ്കൂളുകളിൽ താൽക്കാലിക നിയമനം ആവാം

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ദിവസത്തിലധികം ദൈർഘ്യമുള്ള ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക/ഫുൾടൈം മീനിയൽ ഉൾപ്പെടെയുള്ള നിയമനങ്ങൾ നടത്താൻ അനുമതി നൽകി സർക്കാർ ഉത്തരവ്. ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

തസ്തികനിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്ന് കണ്ടെത്തിയ സ്കൂളിൽ അവർ തുടരുന്നുണ്ടെങ്കിൽ ദിവസവേതന നിയമനം നടത്താൻ പാടില്ല. അധികമായി കണ്ടെത്തിയ അധ്യാപകരെ നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലംമാറ്റി ക്രമീകരിക്കണം. പി.എസ്.സി റാങ്ക് പട്ടിക/ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ അപേക്ഷകരായുണ്ടെങ്കിൽ അവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മുൻഗണന നൽകണം.

ഭാവിയിൽ പി.എസ്.സി നിയമനം ലഭിച്ചാൽ ദിവസവേതന കാലയളവിലെ സേവനം സർവിസിൽ പരിഗണിക്കില്ല. കെ-ടെറ്റ് യോഗ്യത/ഇളവ് ലഭിച്ചിട്ടുള്ളവരെയാണ് ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കേണ്ടത്. ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ച കാരണത്താൽ െറഗുലർ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത പ്രഥമാധ്യാപകർക്കെതിരെ നടപടിയെടുക്കും. ധനവകുപ്പ് ബാധകമാക്കി പുറപ്പെടുവിക്കുന്ന ഉത്തരവിൽ നിഷ്കർഷിച്ച നിരക്കിലുള്ള ദിവസവേതനമാണ് അനുവദിക്കേണ്ടത്. ഹയർസെക്കൻഡറി/വി.എച്ച്.എസ്.ഇ സ്കൂളുകൾ മാനദണ്ഡങ്ങൾപ്രകാരമുള്ള ഒഴിവിൽ സ്പെഷൽ റൂൾ പ്രകാരം യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാം.

സ്കൂൾ പരീക്ഷ പരിഷ്കരിക്കാൻ മൂല്യനിർണയ സെൽ

തിരുവനന്തപുരം: സ്കൂൾ പരീക്ഷ സമ്പ്രദായം സമഗ്രമായി വിലയിരുത്താനും പരിഷ്കരിക്കാനും ലക്ഷ്യമിട്ട് എസ്.സി.ഇ.ആർ.ടിയിൽ സ്വയംഭരണ സ്വഭാവത്തോടെ മൂല്യനിർണയ സെൽ രൂപവത്കരിച്ച് സർക്കാർ ഉത്തരവ്. സമഗ്രശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എന്നിവർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് ഉത്തരവ്.

ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ നിന്ന് രണ്ട് വിഷയ വിദഗ്ധർ (ഒരാൾ എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗം), സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധൻ, സൈക്കോമെട്രീഷ്യൻ, ഡേറ്റ വിശകലന വിദഗ്ധൻ, പ്രോഗ്രാം മാനേജർ എന്നിവർ അടങ്ങിയതാകും മൂല്യനിർണയ സെല്ലിന്‍റെ ഘടന. പേപ്പർ-പെൻ, ഓൺലൈൻ പരീക്ഷ സംവിധാനം വികസിപ്പിക്കുന്നതും വിലയിരുത്തുന്നതും സെല്ലിന്‍റെ ചുമതലയാണ്. ഡേറ്റ വിശകലനം നടത്തി സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാര തോത് നിർണയിക്കുന്നതും സെല്ലിന്‍റെ രൂപവത്കരണ ലക്ഷ്യമാണ്. സി.ബി.എസ്.ഇ സിലബസ് അടിസ്ഥാനപ്പെടുത്തി നടത്തുന്ന നാഷനൽ അച്ചീവ്മെന്‍റ് സർവേ പ്രകാരമാണ് കേരളത്തിലെ കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുന്നത്.

ഇതേ മാതൃകയിൽ കേരള സിലബസിൽ തന്നെ അച്ചീവ്മെന്‍റ് സർവേ നടത്തി നിലവാരം പ്രത്യേകമായി വിലയിരുത്താനുള്ള നടപടികളും ലക്ഷ്യംവെക്കുന്നുണ്ട്. ഇതിനനുസൃതമായ പരിഹാര നടപടികൾ വിദ്യാഭ്യാസ വകുപ്പിന് ആസൂത്രണം ചെയ്യാനും കഴിയും. സ്കൂൾ പൊതുപരീക്ഷ ചോദ്യപേപ്പറുകളുടെ വിലയിരുത്തലും ഫലം ഡേറ്റ വിശകലനത്തിലൂടെ അവലോകനം ചെയ്യാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.   

Tags:    
News Summary - Temporary appoinment may be made in government schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.