തിരുവനന്തപുരം: വനംവകുപ്പിൽ ഏറ്റവും കീഴ്തട്ടിൽ വനസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന താൽക്കാലിക വാച്ചർമാരെ പിരിച്ചുവിട്ട നടപടി വിവാദത്തിൽ. ആയിരക്കണക്കിനുള്ള 56 വയസ്സ് കഴിഞ്ഞ പട്ടികജാതി-വർഗക്കാരല്ലാത്ത മുഴുവൻ വാച്ചർമാരെയും പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ സർക്കാറിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ പ്രക്ഷോഭത്തിലാണ്. വനംവകുപ്പ് ഭരിക്കുന്ന എൻ.സി.പിക്ക് പുതിയ നിയമനം നടത്താനാണ് ഈ നടപടിയെന്നാണ് ആക്ഷേപം. ഇതിനായി ലേലം വിളി നടക്കുന്നുവെന്നാണ് ആരോപണം
രണ്ടാം പിണറായി സർക്കാറിൽ പുതിയ കക്ഷികൾക്കായി വകുപ്പുകൾ കണ്ടെത്തിയപ്പോൾ സി.പി.ഐയുടെ കൈവശമുണ്ടായിരുന്ന വനംവകുപ്പ് എൻ.സി.പിക്ക് നൽകി. തുടർന്നാണ് പിരിച്ചുവിടൽ മാമാങ്കം ആരംഭിച്ചത്. കാലങ്ങളായി വനംവകുപ്പ് കൈവശംവെച്ചിട്ടുള്ള രാഷ്ട്രീയ കക്ഷികളുടെ ഇഷ്ടത്തിനാണ് താൽക്കാലിക വാച്ചർമാരുടെ നിയമനങ്ങൾ നടന്നിരുന്നത്. ജനതാദളിെൻറയും കോൺഗ്രസിെൻറയും കൈവശമിരുന്നപ്പോൾ ആ കക്ഷി നേതൃത്വങ്ങളുടെ താൽപര്യപ്രകാരം നിയമനം നടന്നിരുന്നു. സി.പി.ഐയുടെ കൈവശം വനംവകുപ്പ് എത്തിയതോടെ നിലവിലുണ്ടായിരുന്ന താൽക്കാലിക വാച്ചർമാരെ ഭൂരിഭാഗത്തെയും പിരിച്ചുവിടുകയും തങ്ങളുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നിയമനം നൽകുകയുമായിരുന്നു. തുടർന്ന് വി.എസ് സർക്കാറിെൻറ കാലത്ത് എ.ഐ.ടി.യു.സി നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ രൂപവത്കരിെച്ചങ്കിലും പത്ത് വർഷം സർവിസുള്ള ജീവനക്കാരെപോലും സ്ഥിരപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല.
തുച്ഛ വേതനമാണ് വാച്ചർമാർക്ക് ലഭിക്കുന്നത്. സർക്കാർ സർവിസിൽ താൽക്കാലിക ജീവനക്കാർക്ക് 70 വയസ്സ് വരെ സർവിസ് അനുവദിക്കാറുണ്ട്. തുടർഭരണത്തിൽ സ്ഥിരപ്പെടുത്തൽ പ്രതീക്ഷ അർപ്പിച്ച് കഴിയുമ്പോഴാണ് 56 വയസ്സ് കഴിഞ്ഞ പട്ടിക ജാതി-വർഗക്കാർ അല്ലാത്തവരെ പിരിച്ചുവിടാൻ നിർദേശിച്ച് വനംവകുപ്പ് പി.സി.സി.എഫി(ഭരണ)െൻറ ഉത്തരവ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.