തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) താൽക്കാലിക വൈസ് ചാൻസലർക്ക് തുടരുന്നതിന് നിയമ തടസ്സം ഉയരുന്നു. സ്ഥിരം വി.സിയുടെ ഒഴിവിൽ താൽക്കാലിക വി.സി നിയമനം പരമാവധി ആറുമാസം വരെ മാത്രമേ പാടുള്ളൂവെന്ന് സർവകലാശാല നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്ഥിരം വി.സി പദവിയിൽ ഒഴിവ് വന്നിട്ട് മേയ് നാലിന് ആറ് മാസം പൂർത്തിയാകും. ഇതോടെ നിലവിൽ വി.സിയുടെ ചുമതല വഹിക്കുന്ന ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല മേയ് നാലിന് ശേഷം തുടരാനാകില്ലെന്ന വാദമാണ് ഉയരുന്നത്.
വി.സി നിയമനത്തിൽ സർക്കാറും ചാൻസലറായ ഗവർണറും തമ്മിലുള്ള ഭിന്നത പരിഹരിക്കപ്പെടാത്തതിനാൽ സാങ്കേതിക സർവകലാശാല ഉൾപ്പെടെയുള്ളിടങ്ങളിൽ മാസങ്ങളായി വി.സി നിയമനം സ്തംഭനത്തിലാണ്. നേരത്തേ സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതോടെയാണ് സ്ഥിരം വി.സിയുടെ ഒഴിവുവന്നത്. സർക്കാർ ശിപാർശ തള്ളി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയന്റ് ഡയറക്ടർ ആയിരുന്ന ഡോ. സിസ തോമസിന് ഗവർണർ വി.സിയുടെ ചുമതല നൽകുകയായിരുന്നു. സിസ വിരമിച്ചതിനെതുടർന്നാണ് ചുമതല സജി ഗോപിനാഥിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.