ദേവികുളം ടൗണിൽ സി.പി.ഐ നേതാവ് കൈവശംവെച്ച പത്ത് സെന്റ് ഏറ്റെടുത്തു

മൂന്നാർ: ദേവികുളം ടൗണിൽ സി.പി.ഐ വനിത നേതാവ് കൈവശംവെച്ച സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു. ടൗണിൽ ആർ.ഡി.ഒ ഓഫിസിന് എതിർവശം സർവേ നമ്പർ 20/1ൽ കച്ചേരി സെറ്റിൽമെന്റിൽ ഉൾപ്പെടുന്ന പത്ത് സെന്റ് ഭൂമിയാണ് സി.പി.ഐ നേതാവും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ശാന്തി മുരുകൻ കൈയേറി കൈവശം വെച്ചിരുന്നത്. ഇവിടെ കെട്ടിടം നിർമിച്ച് വാടകക്ക് നൽകിയിരിക്കുകയായിരുന്നു.

ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. വിവരമറിഞ്ഞ് സി.പി.ഐ പ്രാദേശിക നേതാക്കൾ പ്രതിഷേധവുമായി എത്തിയത് അൽപനേരം വാക്തർക്കത്തിന് കാരണമായി.

ദേവികുളം ടൗണിൽ സർക്കാർ ആവശ്യങ്ങൾക്ക് നീക്കിയിട്ട സ്ഥലമാണ് കച്ചേരി സെറ്റിൽമെന്റ് എന്നറിയപ്പെടുന്നത്. അതേസമയം, റവന്യൂ വകുപ്പ് ഏറ്റെടുത്തെന്ന് പറയുന്ന സ്ഥലം 25 വർഷമായി കൈവശത്തിലുള്ളതാണെന്ന് ശാന്തി മുരുകൻ പറഞ്ഞു. 2007ൽ പട്ടികജാതി വികസന വകുപ്പിൽനിന്ന് തനിക്ക് ഭവന വായ്പ സഹായം അനുവദിച്ചു.

ഭവനരഹിതയായിരുന്നിനാൽ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിക്ക് അപേക്ഷ നൽകുകയും കമ്മിറ്റിയുടെ നിർദേശപ്രകാരം റവന്യൂ വകുപ്പ് കൈവശരേഖ നൽകുകയും ചെയ്ത ശേഷമാണ് സർക്കാർ ധനസഹായം ഉപയോഗിച്ച് വീട് നിർമിച്ചത്. ഇത് കൈയേറ്റമാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Ten cents held by CPI leader in Devikulam town were taken over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.