മഞ്ചേരി: മലപ്പുറം ആനക്കയം പന്തല്ലൂരിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മങ്കട വെള്ളില സ്വദേശിയും പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരിക്കുപ്പേങ്ങൽ നിസാറിന്‍റെ ഭാര്യയുമായ തഹ്ദിലയുടെ (ചിഞ്ചു - 25) മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കര്‍ അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് തഹ്ദിലയെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഭർതൃവീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
തുടർന്ന്, ഭർതൃപിതാവിനും ഭർതൃ മാതാവിനുമെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും അവർ പറഞ്ഞു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി പന്തല്ലൂർ കിഴക്കുംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വിദേശത്തായിരുന്ന ഭർത്താവ് നിസാർ വെള്ളിയാഴ്ച രാത്രി നാട്ടിലെത്തി. മക്കൾ: അസ്മൽ, അൻഫാൽ, എസിൻ ഫാറൂഖ്, ഫെല്ല മെഹ്റിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.